പാമ്പാടി ഐവർ മഠത്തിലെ മഹാശ്മശാന ഭൂമിയിൽ വർഷാവർഷം നടത്താറുള്ള കളിയാട്ടം ചൊവ്വാഴ്ച നടന്നു. ഉത്തരകേരളത്തിന് പുറത്ത് പൂർണ്ണ അനുഷ്ഠാനങ്ങളോടെ നടത്തുന്ന ഏക കളിയാട്ടം കൂടിയാണ് ഐവർ മഠത്തിലേത്. കണ്ണൂർ ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ, ഐവർ മഠം പൈതൃക സംസ്‌കാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് കളിയാട്ടം.
ഇന്നലെ സന്ധ്യയ്ക്ക് ആറിന് തുടങ്ങിയ കളിയാട്ടം ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്. അത്യുഗ്ര ഭാവത്തിൽ ചുടലഭദ്രകാളിയും, പൊട്ടൻ തെയ്യവും, ഗുളികൻ തിറയുമെല്ലാം നിളാ തീരത്തെ ശ്മശാന ഭൂമിയിൽ നിറഞ്ഞാടി. കണ്ണൂർ ഇരിട്ടി സ്വദേശി അനീഷ് പെരുമലയൻ്റെ നേതൃത്വത്തിലാണ് തെയ്യം അരങ്ങേറിയത്. കേരളത്തിൻ്റെ നാനാ ഭാഗത്തുനിന്നും ആയിരക്കണക്കിന് ആളുകളാണ് കളിയാട്ടം കാണുന്നതിനായി ശ്മശാന ഭൂമിയിലെത്തിയത്.
കെ പ്രേംകുമാർ എംഎൽഎ കളിയാട്ടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ പത്മജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെഎം അഷ്റഫ്, ഫോക്‌ലോർ അക്കാദമി സെക്രട്ടറി എവി അജയകുമാർ, സിന്ധു സുരേഷ്, ആശാദേവി, എം ഉദയൻ, കെപി ഉമാശങ്കർ, കെ ബാലകൃഷ്ണൻ, ടിആർ അജയൻ, കെകെ മുരളീധരൻ, പി നാരായണൻകുട്ടി എന്നിവർ പ്രസംഗിച്ചു.




