യാത്രയ്ക്കിടെ ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചോമ്പാല സ്വദേശി കിഴക്കേ പുതിയപറമ്പത്ത് വിനായക് ദത്ത് (25) ആണ് ഓടുന്ന ട്രെയിനിൽ നിന്നും താഴെ വീണിട്ടും ഗുരുതരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. ചോമ്പാല അന്നപൂർണേശ്വരി ശ്രീ ഭദ്ര വിഷ്ണുമായ ദേവസ്ഥാനം മഠാധിപതി ദേവദത്തന്‍റെയും ബിനിയുടെയും ഏകമകനാണ് വിനായക് ദത്ത്. എറണാകുളം-വടകര ട്രെയിൻ യാത്രക്കിടെ ഇരിങ്ങാലക്കുടയിൽ എത്തിയപ്പോഴാണ് വിനായക് ദത്ത് ട്രെയിനിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണത്. ജനുവരി ഒന്നിനായിരുന്നു സംഭവം. എറണാകുളത്ത് സുഹൃത്തുക്കളോടൊപ്പം ന്യൂ ഇയർ ആഘോഷം കഴിഞ്ഞ് തിരിച്ചുവരവേയാണ് അപകടം ഉണ്ടായത്.
ഇൻറർസിറ്റി എക്സ്പ്രസിൽ വലിയ തിരക്കുകാരണം ഡോറിനടുത്തിരുന്ന് യാത്രചെയ്യുകയായിരുന്ന വിനായക് ദത്ത് ഉറങ്ങിപ്പോയതാണ് പുറത്തേക്ക് വീഴാനുള്ള കാരണം. തനിക്ക് സംഭവിച്ചതെന്തെന്ന് മനസ്സിലാകാതെ കണ്ണ് തുറന്ന് നോക്കുമ്പോൾ ട്രെയിൻ കുതിച്ചുപായുന്നതാണ് കണ്ടത്. അതേസമയം ട്രെയിനിൽ നിന്നും എന്തോ വീണതായി യാത്രക്കാർ പറയുന്നതുകേട്ട് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിനായക് ഫോണിലൂടെ സംഭവം പറഞ്ഞത്.
വീഴ്ച്ചയിലും ഫോൺ സുരക്ഷിതമായി കയ്യിലുണ്ടായിരുന്നു. പിന്നീട് കൈകാട്ടിനിർത്തിയ ബൈക്ക് യാത്രക്കാരനായ ഒരു യുവാവിനോട് സംഭവം പറഞ്ഞപ്പോൾ അവർ വിനായക് ദത്തിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീഴ്ച്ചയിൽ പുറംഭാഗത്തും തലയ്ക്കും പരിക്കേറ്റ വിനായകിനെ നാട്ടിലെത്തിച്ച്, മാഹി ഗവ. ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.