കുന്നംകുളം: തച്ചു ശാസ്ത്രത്തിലും ജ്യോതിഷത്തിലും പ്രശസ്തമായ കാണിപ്പയ്യൂര്‍ മനയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്ന
പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. വേദം, വേദാന്തം, വ്യാകരണം, പുരാണം, ഇതിഹാസം, ജ്യോതിഷം, തച്ചുശാസ്ത്രം, വൈദ്യശാസ്ത്രം, ഉപനിഷത്ത് വിഭാഗങ്ങളിലായി 400 ഓളം
അപൂര്‍വ്വ താളിയോല ഗ്രന്ഥങ്ങള്‍ക്കാണ് ഡിജിറ്റല്‍ രൂപത്തില്‍ പുനര്‍ജനിയേകുന്നത്.
മനയില്‍ സംസ്‌കൃതത്തിലും മലയാളത്തിലുമുള്ള ഏഴായിരത്തോളം ഗ്രന്ഥങ്ങളുണ്ടെന്ന് ഗ്രന്ഥാലയത്തിന്റെ ചുമതലയുള്ള കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു.
തൊട്ടാല്‍ പൊടിഞ്ഞു പോകുന്ന സ്ഥിതിയിലുള്ള താളിയോല ഗ്രന്ഥങ്ങള്‍ പോലും കാണിപ്പയ്യൂര്‍ മനയുടെ ഗ്രന്ഥശാലയില്‍ ഉണ്ടെന്ന് നാഷണല്‍ മിഷന്‍ ഫോര്‍ മാനുസ്‌ക്രിപ്റ്റിന്റെ കീഴില്‍ താളിയോല സംരക്ഷണവും ഡിജിറ്റല്‍ വല്‍ക്കരണവും നിര്‍വഹിക്കുന്ന അമൃത വിശ്വവിദ്യാപീഠത്തിലെ ഡോക്ടര്‍ വി.പ്രശാന്ത് പറഞ്ഞു.
പൊടി നീക്കി പ്രകൃതിദത്ത പുല്‍ത്തൈലം ഉപയോഗിച്ച് തുടച്ചുവൃത്തിയാക്കുന്ന ആദ്യഘട്ട ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. എഴുത്തിനു തെളിച്ചം കുറവുള്ള ഓലകളില്‍ പുല്‍ത്തൈലത്തിനൊപ്പം ചിരട്ടക്കരികലര്‍ത്തി വായനയ്‌ക്ക് സാധിക്കുന്ന വിധം ചെയ്ത ശേഷമാണ് സംരക്ഷണപ്രക്രിയ പൂര്‍ത്തിയാക്കുന്നത്. ശേഷമാണ് ഓലകള്‍ സ്‌കാന്‍ ചെയ്യുക. സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ നമ്പൂതിരി ഇല്ലങ്ങളില്‍ നിന്നും കൈമാറി കിട്ടിയതാണ് ഇപ്പോള്‍ ഗ്രന്ഥശാലയില്‍ ഉള്ളതെന്നും ഡിജിറ്റല്‍ രൂപത്തിലേക്ക് കൂടി ഇവ മാറുമ്പോള്‍ വരും തലമുറക്ക് മുതല്‍ക്കൂട്ടാവുമെന്നും പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു.