പുതിയ മന്ത്രിമാർ ഈ മാസം അവസാനം സ്ഥാനമേൽക്കും

Written by Taniniram1

Published on:

തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും മന്ത്രിമാരായി ഉടൻ സ്ഥാനമേൽക്കുമെന്ന് സൂചന. ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും കിട്ടാനാണ് സാദ്ധ്യത. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന നവകേരളസദസിൽ ഇരുവരും മന്ത്രിമാരായി പങ്കെടുത്തേക്കും.
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും ഈ മാസം 24ന് നടക്കുന്ന ഇടതുമുന്നണി യോ‌ഗത്തിൽ അറിയാൻ കഴിയും. സത്യപ്രതിജ്ഞ ഈ മാസം 29ന് നടക്കുമെന്ന് മുൻപ് സൂചനയുണ്ടായിരുന്നു. തീയതിയിൽ അന്തിമ തീരുമാനം എടുക്കും മുൻപ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സമയം കൂടി തേടും.
അന്തിമ തീരുമാനം എടുക്കുന്നതിന് പിന്നാലെ നിലവിലെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും രാജി സമർപ്പിക്കും. സാധാരണ ഇതേ വകുപ്പുകൾ തന്നെയാണ് പകരം വരുന്നവർക്കും ലഭിക്കേണ്ടത്. കടന്നപ്പള്ളി മുൻപ് തുറമുഖ വകുപ്പും ഗണേഷ് കുമാർ ഗതാഗത വകുപ്പും ഭരിച്ചിട്ടുണ്ട്. ഇതിലൂടെ നവകേരളസദസിൽ ഇരുവരും പങ്കാളികളാകും.സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിൽ നടക്കാനിരുന്ന നവകേരളസദസ് മാറ്റിവച്ചിരുന്നു. തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം, തൃക്കാക്കര മണ്ഡലങ്ങളിലേതായിരുന്നു മാറ്റിയത്. പകരം ജനുവരി ഒന്ന്, രണ്ട് തീയതികളിലായാണ് ഈ മണ്ഡലങ്ങളിൽ നവകേരളസദസ് നടക്കുന്നത്. നിലവിലെ മന്ത്രിമാർ തന്നെ നവകേരളസദസ് തീരുന്നതുവരെ തുടരട്ടെ എന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെ തുടർന്നായിരുന്നു നവംബർ 20ന് നടക്കേണ്ട മന്ത്രിസഭാ പുനഃസംഘടന നീണ്ടുപോയത്.

Related News

Related News

Leave a Comment