ക്യാംപസുകളെ ക്രിമിനൽ മുക്തമാക്കാൻ ഭരണകൂടം തയ്യാറാകണം

Written by Taniniram1

Published on:

ജ്യോതിരാജ് തെക്കൂട്ട്

എന്താണ് സംഭവിച്ചുക്കൊണ്ടിരിക്കുന്നത്? മനുഷ്യത്വവും സർഗ്ഗാത്മസ്രോതസ്സുകളുടെ ഉറവിടവുമാകേണ്ട ക്യാംപസുകളിൽ ഇത്രയും ഭയാനകമായ അന്തരീക്ഷം എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത്.? പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ രണ്ടാം വർഷ ബി വി എസ് സി വിദ്യാർത്ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥൻ്റെ മരണത്തിന് വലിയ വിലകൊടുക്കേണ്ടി വരും. ഈ മരണം ഒരു കൈപ്പിഴയായി കാണാനാകില്ല. നാട്ടിലേക്ക് പുറപ്പെട്ട സിദ്ധാർഥനെ ക്യാംപസിലേക്ക് തിരിച്ച് വിളിച്ച് ഹോസ്റ്റലിൻ്റെ നടുമുറ്റത്തു പരസ്യവിചാരണ ചെയ്ത്, നൂറോളം കുട്ടികളുടെ മുന്നിൽ വെച്ച് വിവസത്രനാക്കി മർദ്ദിക്കുക. മൂന്ന് ദിവസം വെള്ളമോ, ഭക്ഷണമോ നൽകാതെ വീണ്ടും വീണ്ടും ക്രൂരമർദ്ദനമുറകൾ ., ഹോസ്റ്റൽ മുറിയിൽ കൊണ്ടുവന്ന് രണ്ട് ബെൽറ്റുകൾ മുറിയുന്നതുവരെ അടിക്കുക. ഇരുമ്പുകമ്പികളും വയറുകളും ഉപയോഗിച്ച് …. അതും ഇരുപത് വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയോട് , മനുഷ്യത്വമുള്ള ഒരാൾക്കും സങ്കൽപിക്കാൻ പോലുമാകാത്ത കൊടുംക്രൂരതകൾ. ഇതെല്ലാം ആ കുട്ടി എങ്ങനെയാണ് സഹിച്ചിട്ടുണ്ടാവുക. നാലാം ദിവസം ഹോസ്റ്റലിലെ ശുചിമുറിയിൽ സിദ്ധാർഥനെ തൂങ്ങിമരിച്ചനിലയിൽ കാണുന്നു.

സിദ്ധാർഥൻ്റെ വരവും കാത്തിരുന്ന ആ അമ്മയുടെ നെഞ്ചിലെരിയുന്ന നെരിപ്പോട് ആർക്കാണ് കെടുത്താനാവുക?
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ട് മകൻ മൂന്ന് ദിവസമായി ഒരു തുള്ളി വെള്ളമോ ഭക്ഷണമോ കഴിച്ചിരുന്നില്ല എന്നറിഞ്ഞ് ‘ നിനക്ക് ഭക്ഷണം നൽകാനായിരുന്നില്ലെ ഞാൻ ഇത്രയും നാൾ വിദേശത്ത് പോയി ജോലി ചെയ്തതെ’ന്ന നെഞ്ചു തകർന്നുള്ള അച്ഛൻ്റെ വിലാപം വിസ്മരിക്കാനാകുമോ.?
എന്ത് വിശ്വസിച്ചാണ് നമ്മൾ കുട്ടികളെ കോളേജുകളിലും, സർവ്വകലാശാലകളിലും വിടുന്നത്. എന്ത് സുരക്ഷയാണ് ഉള്ളത്. സിദ്ധാർഥന് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരണമാണ് ആൻ്റി റാഗിങ് സ്ക്വാഡിൻ്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്.

സിദ്ധാർഥ് ഹോസ്റ്റലിൽ തുടർച്ചയായി മർദ്ദിക്കപ്പെട്ടിട്ടും അവിടെയുണ്ടായിരുന്ന വാർഡനും, ഡീനും ഒന്നും അറിഞ്ഞില്ല പോലും.! സിനിമകളിൽ മാത്രം കണ്ടുപരിചിതമായ ഇത്തരം ഭയാനക ക്രൂരതകൾ എസ് എഫ് ഐ അനുകരിക്കുകയാണോ. അമൃതംഗമയ, സൂര്യഗായത്രി തുടങ്ങിയ സിനിമകളിൽ ഇത്തരം രംഗങ്ങൾ നമ്മൾ കണ്ടതാണ്. കോളേജ് ക്യാംപസുകളിൽ എസ് എഫ് ഐ യുടെ ഗുണ്ടായിസം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അധികാരം കയ്യിൽ തൂങ്ങിയാൽ എന്ത് തെമ്മാടിത്തവും ചെയ്യാമെന്നാണോ. ഇതിനെല്ലാം കൂട്ടുനിന്ന കോളേജ് അധികൃതർക്കും അധ്യാപകർക്കും ഇനി ആ ജോലിയിൽ തുടരാൻ ഒരർഹതയുമില്ല. പതിനെട്ട് പ്രതികളും പിടിയിലായി. വൈസ് ചാൻസലർക്ക് സസ്പെൻഷൻ ഇത്രയുമാണ് ആകെ നടന്ന ആക്ഷൻ. ഇത്തരം റാഗിംങ് കൊലകൾ മുൻപും ഉണ്ടായിട്ടുണ്ട് എന്നോർക്കണം. വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു. എന്നാലിത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന യാഥാർത്ഥ്യം തിരിച്ചറിയുകയും ഇത് ഇവിടെ വെച്ച് അവസാനിപ്പിക്കുവാൻ മുൻകരുതലുകൾ എടുക്കുകയും നടപ്പിലാക്കുകയും വേണം. സിദ്ധാർഥൻ്റെ മരണത്തിന് കാരണക്കാരായവർക്ക് ഇഞ്ചിഞ്ചായുള്ള മരണത്തിൽ കുറഞ്ഞ മറ്റൊരു ശിക്ഷയും വിധിക്കാനാവില്ല. എങ്കിലേ ഇത്തരം കൊടുംപാതകങ്ങൾ ആവർത്തിക്കപ്പെടാതിരിക്കൂ. പെറ്റ വയറിൻ്റെ വേദനയറിയാത്ത നരഭോജികളെ വാർത്തെടുക്കുന്ന ദൈവത്തിൻ്റെ സ്വന്തം നാട് ഇനിയെങ്കിലും ഒന്നുണർന്ന് പ്രവർത്തിക്കൂ…

പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. എം.ആർ ശശീന്ദ്രനാഥ് പൊട്ടൻ കളിക്കുകയായിരുന്നോ? പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു യുവതലമുറയെയാണോ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാർത്തെടുക്കുന്നത്? ഇത്തരം സ്ഥാപനങ്ങളുടെ അംഗീകാരം (അഫിലിയേഷൻ) റദ്ദാക്കണം.
നാടിനപമാനകരമായ ഇത്തരം ക്യാംപസ് വൈകൃതങ്ങൾ അവസാനിപ്പിച്ചേ മതിയാകൂ. ഇനിയൊരു കുട്ടിക്കും ഈ ഗതി വരരുത്. സർവ്വകലാശാലകളേയും കോളേജുകളെയും രാഷ്ട്രീയശക്തികളല്ല നിയന്ത്രിക്കേണ്ടത്. ഗുണ്ടാ മാഫിയകൾക്ക് സർവ്വകലാശാലകളുടെ ഭൗതിക ചുമതലകളിൽ കൈകടത്താൻ അനുവദിക്കരുത്. ക്രിമിനൽമുക്തമായൊരു ക്യാംപസ് അതായിരിക്കണം ഭരണകൂടത്തിൻ്റെ അടുത്ത ലക്ഷ്യം.

Related News

Related News

Leave a Comment