തൃശ്ശൂർ ‘ഇങ്ങ് എടുക്കാൻ’ കരുതിക്കൂട്ടി സുരേഷ് ഗോപി

Written by Taniniram1

Published on:

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ എത്തി നിൽക്കുകയാണ് സംസ്ഥാനം. സ്ഥാനാർത്ഥി നിർണയ ചർച്ച എല്ലാ ജില്ല കളിലും ചൂടുപിടിച്ചിരിക്കുകയാണ്. തൃശ്ശൂർ ജില്ലയിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി നിർണയമാണ് ഏകദേശ ധാരണയായിട്ടുള്ളത്. ബിജെപിയും(BJP), കോൺഗ്രസും(Congress) തങ്ങളുടെ സ്ഥാനാർത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ബിജെപിയിൽ സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള സുരേഷ് ഗോപി(Suresh Gopi) തൃശ്ശൂർ ജില്ലയിൽ ഉടനീളം പര്യടനങ്ങൾ നടത്തി വരുന്നു. സുരേഷ് ഗോപി ഇന്ന് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷൻ മാസ്റ്ററുടെ ക്യാബിനിൽ നിലവിലെ റെയിൽവേ സ്റ്റേഷന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞ് നിർത്തലാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ ശേഖരിച്ചു. റെയിൽവേ സ്റ്റേഷനുകളിൽ അടിസ്ഥാന വികസനങ്ങൾ ആവശ്യമാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശൂരിൽ കഴിഞ്ഞ ദിവസം ഹീവാൻ ധനകാര്യ സ്ഥാപനത്തിന്റെ തട്ടിപ്പിൽ മുന്നൂറോളം പാവപ്പെട്ടവരുടെ പണം നഷ്ടപ്പെട്ടതും കരിവന്നൂരിലെ സഹകരണ ബാങ്കിന്റെ പ്രശ്നങ്ങളും മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ ഇതെല്ലാം പരിഹരിക്കേണ്ടത് കേരളത്തിലെ മുഖ്യമന്ത്രിയാണെന്നും പണം തട്ടിപ്പ് അന്വേഷിക്കാൻ ഇവിടെ ക്രൈംബ്രാഞ്ചും ഇ ഡി യും എല്ലാം ഉണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ഹീവാൻ എംഡി ഡിസിസി സെക്രട്ടറി ചുമതലയുള്ള കോൺഗ്രസിലെ നേതാവ് ശ്രീനിവാസനാണെന്ന് മാധ്യമപ്രവർത്തകർ ഓർമ്മപ്പെടുത്തിയപ്പോൾ രാഷ്ട്രീയം താൻ പറയില്ലെന്നാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
കേരളത്തിൽ ഒട്ടേറെ പണം ഇടപാട് സ്ഥാപനങ്ങൾ പൊതുജനങ്ങളെ വഞ്ചിച്ചിട്ടും ജനങ്ങൾ അത് മനസ്സിലാക്കാത്തത് വളരെ കഷ്ടമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ജില്ലയിൽ നിരന്തരം പര്യടനങ്ങളുമായി സുരേഷ് ഗോപി ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾക്ക് തന്നെയാണെന്നതിൽ സംശയമില്ല. കഴിഞ്ഞ തവണയിലെ തോൽവിയുടെ കയ്പ്പ് ഇത്തവണ മധുരമാക്കി തീർക്കാനുള്ള മുന്നൊരുക്കമാണ് ബിജെപിയുടേതെന്ന് കരുതാം.

Leave a Comment