തിരുവനന്തപുരം: റേഷൻ സാധനങ്ങൾ ഗോഡൗണുകളിൽ നിന്നു കടകളിൽ എത്തിക്കുന്ന ട്രാൻസ്പോർട്ട് കരാറുകാരുടെ സമരം മൂന്നു ദിവസം പിന്നിട്ടു. ധനവകുപ്പ് അനുവദിച്ച 38 കോടി രൂപ രണ്ടു ദിവസത്തിനകം സപ്ലൈകോയ്ക്ക് ലഭിക്കുമെന്നും തുടർന്നു കരാറുകാർക്ക് വിതരണം ചെയ്യുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അറിയിച്ചുവെങ്കിലും സമരം തുടരുകയാണ്.
പണം നൽകാമെന്ന ഉറപ്പിനെ തുടർന്ന് കേരള ട്രാൻസ്പോർട്ടിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ കഴിഞ്ഞ മാസം രണ്ടു ദിവസത്തിനു ശേഷം സമരം പിൻവലിച്ചെങ്കിലും പണം ലഭിച്ചില്ല. അതിനാൽ പണം ലഭിക്കട്ടെ എന്ന നിലപാടിലാണ് ഇത്തവണ സംഘടന. അവധിദിനങ്ങളായതിനാലാണു പണം കൈമാറാൻ വൈകുന്നതെന്നാണു സർക്കാർ നിലപാട്.