മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ (25) കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. ശിക്ഷാ വിധിയിലുള്ള വാദം പൂർത്തിയായതിനെത്തുടർന്നാണ് സാകേത് സെഷൻസ് കോടതിയിലെ അഡീഷനൽ ജഡ്ജി എസ് രവീന്ദർ കുമാർ പാണ്ഡേ കേസ് ഇന്നത്തേക്കു മാറ്റിയത്. ഇന്ന് ഉച്ചയ്ക്ക് 2.30നാണ് വിധി പറയുക. സൗമ്യ കൊല്ലപ്പെട്ട് 15 വർഷങ്ങൾക്കുശേഷം ഒക്ടോബർ പതിനെട്ടിനാണ് കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
കേസിലെ പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ, അജയ് സേഥി എന്നിവർ കുറ്റക്കാരാണെന്നു കഴിഞ്ഞ 18നു കോടതി വിധിച്ചിരുന്നു. ആദ്യ നാല് പ്രതികൾക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ശിക്ഷ വിധിക്കും മുൻപു പ്രതികളുടെ പശ്ചാത്തലവും ജയിലിലെ പെരുമാറ്റവും ഉൾപ്പെടെ വ്യക്തമാക്കുന്ന പ്രീ സെന്റൻസ് റിപ്പോർട്ട് (പിഎസ്ആർ) സമർപ്പിക്കാനും കോടതി നിർദേശം നൽകിയിരുന്നു.