കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഭക്ഷണത്തിന്‍റെ പേരില്‍ ഇനി അനാവശ്യ വിവാദം വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂള്‍ കലോത്സവത്തിലെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്നും ശിവൻകുട്ടി പറഞ്ഞു. കലോത്സവത്തിന്റെ പാചകപ്പുരയില്‍ പാലുകാച്ചല്‍ ചടങ്ങിനിടെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വരുന്ന വർഷം സ്കൂള്‍ കലോത്സവത്തിന് നോൺ വെജ് ഉണ്ടാകുമെന്നും ബിരിയാണി കൊടുക്കാൻ ആഗ്രഹമുണ്ടെന്നുമായിരുന്നു വി ശിവൻകുട്ടി കഴിഞ്ഞ വര്‍ഷം പറഞ്ഞത്. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു.
മന്ത്രിയുടെ അഭിപ്രായ പ്രകടനത്തോട് ചുവട് പിടിച്ചുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ ഇനി കലോത്സവത്തിന് ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പ്രഖ്യാപിച്ചതും വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്പൂ എന്ന് സർക്കാർ വ്യക്തമാക്കിയതോടെ പഴയിടം മോഹനൻ നമ്പൂതിരി വീണ്ടും കലോത്സവത്തിന്‍റെ പാചകത്തിനുള്ള ടെൻഡര്‍ എടുക്കുകയായിരുന്നു.
62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം നാളെയാണ് ആരംഭിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിദ്യാർത്ഥികൾ കൊല്ലത്തേക്ക് എത്തിത്തുടങ്ങി. 239 ഇനങ്ങളിലായി 14,000 ത്തോളം വിദ്യാർത്ഥികളാണ് മത്സരിക്കാൻ എത്തുന്നത്. ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് ഇന്ന് വേദിയിലെത്തും. അതേസമയം, കൊല്ലം ജില്ലാ കൺവീനർക്ക് ആദ്യ രജിസ്ട്രേഷൻ കൈമാറി കൊണ്ട് കലോത്സവം രജിസ്ട്രേഷൻ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.