തിരുവനന്തപുരം: 91ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് സമാപനം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ശിവഗിരിയും പരിസരവും ഗുരുദേവ ഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
തീര്‍ത്ഥാടനം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇപ്പോഴും ശിവഗിരിക്കുന്നിലേക്ക് ഒഴുകിയെത്തുകയാണ്. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
ബിനോയ് വിശ്വം എംപി അധ്യക്ഷത വഹിക്കും. സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി മുഖ്യാതിഥിയായിരിക്കും. കെ.കെ. ശൈലജ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും.
വി.കെ. പ്രശാന്ത് എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍, വിവരാവകാശ കമ്മിഷണര്‍ അബ്ദുള്‍ ഹക്കിം, കെ.പി. ശങ്കരദാസ്, കിളിമാനൂര്‍ ചന്ദ്രബാബു, അജി എസ്ആര്‍എം, അനില്‍ തടാലില്‍, ശ്യാം പ്രഭു തുടങ്ങിയവര്‍ സംസാരിക്കും.
ഇന്നലെ പുലര്‍ച്ചെ നടന്ന തീര്‍ഥാടക ഘോഷയാത്രയില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ഭക്തരാണ് പങ്കെടുത്തത്. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം അലങ്കരിച്ച ഗുരുദേവ റിക്ഷയ്ക്ക് പതിനായിരങ്ങള്‍ അകമ്പടി സേവിച്ചു.
പര്‍ണ്ണശാലയിലും ശാരദാമഠത്തിലും മഹാസമാധി പീഠത്തിലും പ്രത്യേക പൂജകള്‍ക്കും ശേഷമായിരുന്നു ഘോഷയാത്ര. ശിവഗിരി പ്രാന്തം, മൈതാനം റെയില്‍വേ സ്റ്റേഷന് മുന്നിലെത്തിയായിരുന്നു മടക്കയാത്ര.
ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ട്രഷറര്‍ സ്വാമി ശാരദാനന്ദ തീര്‍ത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ജോയിന്റ് സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി വിശാലാനന്ദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സ്വാമി സത്യാനന്ദ തീര്‍ത്ഥ, സ്വാമി ശങ്കരാനന്ദ, സ്വാമി ശിവനാരായണ തീര്‍ത്ഥ, സ്വാമി പ്രബോധ തീര്‍ത്ഥ, സ്വാമി വെങ്കടേശ്വര്‍, സ്വാമി അംബികാനന്ദ, സ്വാമിനി ആര്യനന്ദാദേവി, തീര്‍ത്ഥാടനക്കമ്മിറ്റി ചെയര്‍മാന്‍ കെ.ജി. ബാബുരാജന്‍, കെ. മുരളീധരന്‍, സുരേഷ്‌കുമാര്‍ മധുസൂധനന്‍ തുടങ്ങിയവര്‍ മുന്‍ നിരയില്‍ പങ്കെടുത്തു.
തീര്‍ത്ഥാടന മഹാസമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി നിര്‍മല സീതാരാമനായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്യാനിരുന്നത്.
എന്നാല്‍ അസൗകര്യം കാരണം കേന്ദ്രമന്ത്രിക്ക് എത്താന്‍ സാധിച്ചില്ല. അതേത്തുടര്‍ന്നാണ് വി. മുരളീധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഉച്ചയ്ക്ക് രണ്ടിന് കൃഷി, കൈത്തൊഴില്‍, വ്യവസായം, ടൂറിസം എന്നീ വിഷയത്തില്‍ നടന്ന സെമിനാര്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ശശി തരൂര്‍ എംപി അധ്യക്ഷത വഹിച്ചു. വൈകിട്ട് അഞ്ചിന് നടന്ന ഗുരുചര്യ-തമിഴ്‌നാട്, കര്‍ണാടക ദേശങ്ങളില്‍ എന്ന വിഷയത്തിലെ സെമിനാര്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നില്‍ സുരേഷ് എംപി അധ്യക്ഷത വഹിച്ചു.