ശിവഗിരി:91-ാമത് ശിവഗിരിതീര്‍ത്ഥാടനത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും. ഡിസംബര്‍ 15 മുതൽ ജനുവരി 5 വരെയാണ് തീര്‍ത്ഥാടനകാലം. മുന്‍വര്‍ഷങ്ങളില്‍ ഡിസംബര്‍ അവസാന ദിനങ്ങളായിരുന്നു തീര്‍ത്ഥാടന ദിനങ്ങളായി കണക്കാക്കിയിരുന്നത്.
എന്നാൽ ഇപ്പോൾ ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ദിവസങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. തീര്‍ത്ഥാടന ദിനങ്ങളിലെ തിക്കുംതിരക്കും ഒഴിവാക്കി തീര്‍ത്ഥാടകര്‍ക്ക് സൗകര്യമായി ഗുരുവിനെ വന്ദിക്കാനും ഗുരുപൂജ നടത്തുന്നതിനുമാണ് തീര്‍ത്ഥാടന പരിപാടികള്‍ നേരത്തേ ആരംഭിക്കുന്നത്.
അറിവിന്‍റെ തീര്‍ത്ഥാടനമെന്നാണ് ശിവഗിരി തീര്‍ത്ഥാടനം അറിയപ്പെടുന്നത്.അതിനാൽ ജനങ്ങള്‍ക്ക് അറിവുനല്‍കുന്നതിന്‍റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ 29വരെ പ്രഭാഷണങ്ങളും വിശേഷാല്‍ സമ്മേളനങ്ങളും ഒരുക്കിയിട്ടുണ്ട്. 16 മുതല്‍ 20 വരെ എല്ലാദിവസവും രാവിലെ 10 മണി മുതല്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ശിവഗിരി മഠത്തിലെ സന്യാസിവര്യന്‍മാരുടെ നേതൃത്വത്തില്‍ ഗുരുധര്‍മ പ്രബോധനം നടത്തും.
21 ന് രാവിലെ മുതല്‍ പാരമ്പര്യവൈദ്യ സമ്മേളനം നടക്കും. വൈദ്യ പരിശോധനയും സൗജന്യചികിത്സയും ഉണ്ടാകും. 22 മുതല്‍ 25 വരെ ഗുരുദേവന്‍റെ ജീവിതത്തെയും ദര്‍ശനങ്ങളെയും അടിസ്ഥാനമാക്കി രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ സച്ചിദാനന്ദ സ്വാമി നയിക്കുന്ന ദിവ്യപ്രബോധനവും ധ്യാനവും ഉണ്ടായിരിക്കും.
സ്വാമി ശുഭാംഗാനന്ദ, ശാരദാനന്ദ സ്വാമി, സ്വാമി വിശാലനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ എന്നിവര്‍ ധ്യാന സന്ദേശം നല്‍കും സ്വാമി ദേശികാനന്ദ, സ്വാമി വിരജാനന്ദ, സ്വാമി സുരേശ്വരാനന്ദ, സ്വാമി ശ്രീനാരായണ ദാസ്, സ്വാമി ഗോവിന്ദാനന്ദ, സ്വാമി ഹംസതീര്‍ഥ എന്നിവര്‍ ഗുരുദേവന്‍ രചിച്ച ഹോമമന്ത്രം ഉപയോഗിച്ചുള്ള ശാന്തിഹോമത്തില്‍ പങ്കാളികളാകും.