- Advertisement -
ചെന്നൈ: ശബരിമലയിൽ തീർഥാടകർക്ക് പ്രാഥമിക സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കണമെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി കേരളത്തോട് ആവശ്യപ്പെട്ടു. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ കേരള ചീഫ് സെക്രട്ടറി വി. വേണുവുമായി ചർച്ച നടത്തിയത്.
തമിഴ്നാട്ടിൽനിന്നടക്കം ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് സുരക്ഷയും സൗകര്യങ്ങളും ഒരുക്കണമെന്നാണ് തമിഴ്നാട് മുന്നോട്ടുവെച്ച ആവശ്യം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറിമാർ തമ്മിൽ ചർച്ച നടത്തിയത്.
തീർഥാടകർക്കുവേണ്ട സുരക്ഷയും പ്രാഥമികസൗകര്യങ്ങൾ അടക്കമുള്ളവയും ഉറപ്പുവരുത്തുമെന്ന് തമിഴ്നാടിന് കേരളം ഉറപ്പു നൽകിയതായി തമിഴ്നാട് സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.