ബംഗളൂരൂ: കേരളം ഒറ്റക്കെട്ടയായി കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതോടെ തുടക്കത്തിലെ ഉദാസീനത വിട്ട് തിരച്ചില്‍ ഊര്‍ജിതമാക്കി കര്‍ണാടക സര്‍ക്കാര്‍. ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു വീണ് കാണാതായ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്തുന്നതിനായുള്ള തെരച്ചില്‍ ഇന്നും തുടരും. മേഖലയില്‍ മഴ പെയ്തതോടെ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ഇന്നലെ രാത്രി തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
കൂടുതല്‍ ആഴങ്ങളില്‍ പറഡാര്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തുന്നതിനായി റഡാര്‍ എത്തിക്കാനുള്ള നടപടികള്‍ ഇന്നലെ ആരംഭിച്ചിരുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപമുള്ള ഗംഗാവാലി പുഴയില്‍ ലോറി പതിച്ചിട്ടുണ്ടാകുമെന്ന സംശയത്തെ തുടര്‍ന്ന് നേവിയുടെ ഡൈവര്‍മാര്‍ പുഴയിലിറങ്ങി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ലോറി പുഴയില്‍ വീണില്ല എന്ന നിഗമനത്തിലാണ് റെസ്‌ക്യൂ ടീം.
മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തിയിരുന്നു. മണ്ണിനടിയില്‍ അര്‍ജുനടക്കം 15 പേരാണ് കുടുങ്ങികിടക്കുന്നതെന്ന് സൂചന. ലോറിയുടെ ജിപിഎസ് ലോക്കേഷന്‍ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചിരുന്നത്.