Saturday, April 5, 2025

ലോക്‌സഭാ തിരഞ്ഞെടുപ്പ്: കേരളത്തില്‍ എസ്ഡിപിഐ യുഡിഎഫിനെ പിന്തുണയ്ക്കും -മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Must read

- Advertisement -

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണെന്നും രാജ്യത്തിന്റെ വീണ്ടെടുപ്പാണ് മുഖ്യ അജണ്ടയെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ഭരണഘടനാനുസൃതമായി രാജ്യം നിലനില്‍ക്കണോ എന്നു തീരുമാനിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണിത്. ഭരണഘടനാ മൂല്യങ്ങള്‍ കടുത്ത വെല്ലുവിളി നേരിട്ട ഒരു ഭരണകാലമാണ് ബിജെപിയുടേത്. മതനിരപേക്ഷതയും തുല്യതയും കളങ്കപ്പെടുത്തി മതരാഷ്ട്രത്തിലേക്ക് രാജ്യത്തെ എത്തിക്കുന്നതിനു വേണ്ടിയുള്ള നിയമനിര്‍മാണങ്ങള്‍ക്കാണ് ആക്കം കൂട്ടിയത്. മതാടിസ്ഥാനത്തില്‍ പൗരന്മാരെ വിഭജിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് സ്വീകരിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ പോലും രാഷ്ട്രീയവല്‍ക്കരിക്കുന്ന ഒരു നീതിരാഹിത്യത്തിലേക്ക കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

ബിജെപി ഭരണത്തില്‍ രാജ്യത്തിന്റെ പൊതുകടം ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2014 ല്‍ അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്തിന്റെ മൊത്ത വാര്‍ഷിക കടം 5.92 ലക്ഷം കോടി രൂപയായിരുന്നു. 2024 ല്‍ 16 ലക്ഷം എന്ന റെക്കോഡ് മറികടക്കുകയാണ്. തൊഴില്‍ രാഹിത്യവും നിയമന നിരോധനവും നിലനില്‍ക്കുകയാണ്. വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ ലക്ഷക്കണക്കിന് ഒഴിവുകളില്‍ നിയമനം നടത്തുന്നില്ല. പണപ്പെരുപ്പം, വിലക്കയറ്റം തുടങ്ങിയ ഗുരുതരമായ പ്രതിസന്ധിയാണ് പൗരസമൂഹം നേരിടുന്നത്. സാമ്പത്തിക അസമത്വം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു.

നേതാക്കളെ ജയിലിലടച്ചും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചും പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍ ബിജെപി ശ്രമിക്കുകയാണ്. പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷം നേടി ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിക്കുവാനും മതരാഷ്ട്രം സ്ഥാപിക്കുവാനുമുള്ള ബിജെപിയുടെ അജണ്ടയെ രാഷ്ട്രീയമായി പരാജയപ്പെടുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തെ ഗൗരവമായെടുത്തുകൊണ്ട് കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച മുന്നേറ്റത്തിന് ശ്രമിക്കുന്നുവെന്നത് പ്രതീക്ഷാ നിര്‍ഭരമാണ്. ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ മുന്നണിയുടെ ഭാഗമായ കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ പരസ്പരം മല്‍സരിക്കുമ്പോഴും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന സമീപനം ഉണ്ടാകരുതെന്ന് എസ്ഡിപിഐ അഭ്യര്‍ഥിക്കുന്നു.

പതിനഞ്ച് വര്‍ഷമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായ പാര്‍ട്ടിയാണ് എസ്ഡിപിഐ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒമ്പത് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ നിരവധി മണ്ഡലങ്ങളില്‍ പാര്‍ട്ടി മല്‍സരിച്ചിട്ടുണ്ട്. ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനം. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യം വിലയിരുത്തിയാണ് ഇത്തരം തീരുമാനമെടുത്തത്. കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കും.

അനിവാര്യമായ സാഹചര്യത്തില്‍ ഒരു രാഷ്ട്രീയ ബദലായി ഉയര്‍ന്നുവന്ന പാര്‍ട്ടി വ്യാപനവും വളര്‍ച്ചയും സ്വീകാര്യതയും നേടുന്നതോടൊപ്പം തന്നെ നാട്ടില്‍ ഉയര്‍ന്നുവരുന്ന ഫാഷിസ്റ്റ് വിരുദ്ധ ചേരിയോട് സഹകരിക്കുകയെന്നതാണ് പാര്‍ട്ടിയുടെ നയം. ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ ഇന്ത്യാ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ നിലയിലാണ് യുഡിഎഫിന് മുന്‍ഗണന നല്‍കുവാന്‍ തീരുമാനിച്ചത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി പതിനെട്ട് മണ്ഡലങ്ങളിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. മറ്റിടങ്ങളില്‍ ബിജെപി വിരുദ്ധ ചേരിയെ സഹായിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ സാമൂഹിക നീതിയിലധിഷ്ഠിതമായ ഒരു രാഷ്ട്രീയ ബദല്‍ വളര്‍ത്തിക്കൊണ്ടുവരികയെന്നതാണ് പാര്‍ട്ടി സ്വീകരിക്കുന്ന ഓരോ രാഷ്ട്രീയ നിലപാടിന്റെ ആത്യന്തിക താല്‍പ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ എന്നിവരും സംബന്ധിച്ചു.

See also  നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ 18 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 19 കാരനായ ആൺസുഹൃത്ത് തൂങ്ങി മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article