കൊല്ലം: ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കൊല്ലം – ചെന്നൈ എഗ്മോർ റൂട്ടിൽ ശബരി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ജനുവരി 16 ചൊവ്വാഴ്ചയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. കൊല്ലത്ത് നിന്ന് പുലർച്ചെ മൂന്ന് മണിക്ക് പുറപ്പെടുന്ന ട്രെയിൻ അന്ന് രാത്രി 9 മണിയോടെ ചെന്നൈ എഗ്മോറിൽ എത്തിച്ചേരും. മടക്കയാത്ര അന്ന് രാത്രി 11:45നാണ് പുറപ്പെടുക. ബുധനാഴ്ച വൈകീട്ട് 5 മണിയോടെ കൊല്ലത്ത് എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
06032 കൊല്ലം – ചെന്നൈ എഗ്മോർ ശബരി സ്പെഷ്യൽ ട്രെയിൻ ബുക്കിങ് ഐആർസിടിസി ഒഫീഷ്യൽ ആപ്പിൽ ആരംഭിച്ചിട്ടുണ്ട്. രണ്ട് എസി ടു ടയർ കോച്ച്. അഞ്ച് എസി ത്രീ ടയർ കോച്ച്, ഒരു എസി ത്രീ ടയർ ഇക്കോണമി കോച്ച്, അഞ്ച് സ്ലീപ്പർ ക്ലാസ് കോച്ച്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, ഒരു ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചുകളുള്ള ട്രെയിനാണ് കൊല്ലം – ചെന്നൈ റൂട്ടിൽ സർവീസ് നടത്തുക.
കൊല്ലത്ത് നിന്ന് ചെന്നൈയിലേക്ക് സ്ലീപ്പർ ക്ലാസിന് 560 രൂപയാണ് ടിക്കറ്റ് നിരക്ക്. 3E (1405), 3A (520), 2A (2105) എന്നിങ്ങനെയാണ് മറ്റു കോച്ചുകളിലെ ടിക്കറ്റ് നിരക്ക്. കൊല്ലത്തുനിന്ന് പുലർച്ചെ മൂന്ന് മണിക്ക് പുറപ്പെടുന്ന ട്രെയിൻ ചെങ്ങന്നൂർ 4:00, കോട്ടയം 5:25, എറണാകുളം 6:55, തൃശൂർ 8:30, പാലക്കാട് 10:30, പോതനൂർ 11:45, തിരുപ്പൂർ 12:50, ഈറോഡ് 13:35, സേലം 14:47, ജോളാർപേട്ടൈ 16:45, കാട്പാഡി 18:05, അരക്കോണം 18:53, തിരുവള്ളൂർ 19:18, പേരമ്പൂർ 19:53 സ്റ്റേഷനുകൾ പിന്നിട്ടാണ് ചെന്നൈ എഗ്മോറിൽ എത്തിച്ചേരുക.
മടക്കയാത്ര 06031 ചെന്നൈ എഗ്മോർ – കൊല്ലം യാത്ര ചൊവ്വാഴ്ച രാത്രി 11:45ന് ആരംഭിച്ച് ബുധനാഴ്ച രാവിലെ 9:30 ഓടെ പാലക്കാടെത്തും, തൃശൂർ 11:30, എറണാകുളം 12:52, കോട്ടയം 14:10, ചെങ്ങന്നൂർ 14:45 സ്റ്റേഷനുകൾ പിന്നീട് അഞ്ച് മണിയോടെ കൊല്ലത്ത് എത്തിച്ചേരും. രണ്ട് സർവീസുകളുടെയും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.