പത്തനംതിട്ട: നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള ശബരിമല തീർഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയമായി. ഇതോടെ എരുമേലി മുതൽ നിലയ്ക്കൽ വരെയുള്ള വഴിയിൽ വാഹനങ്ങൾ തടയുന്നതും ഒഴിവാക്കി. പമ്പയിൽ പാർക്കിങ് അനുവദിച്ചാൽ ഒരു പരിധിവരെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.
പമ്പയിലേക്ക് കെഎസ്ആർടിസി ബസ്സുകൾ നിലയ്ക്കലിൽ നിന്ന് ആവശ്യാനുസരണം സർവീസുണ്ട്. ഭക്തരെ കുത്തിനിറച്ച് കൊണ്ടു പോകുന്ന സാഹചര്യം നിലവിലില്ല. നിലയ്ക്കലിൽ സ്പോട് ബുക്കിങ്ങും കുറഞ്ഞു. തീർഥാടകരുടെ തിരക്കും അസൗകര്യങ്ങളും സംബന്ധിച്ച പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ബി ജെ പി നേതാവ് കുമ്മനം രാജശേഖരനും സംഘവും സന്നിധാനത്ത് പരിശോധനയ്ക്കെത്തി.
സർക്കാരിന് വീഴ്ച പറ്റിയെന്ന് തുറന്ന് സമ്മതിക്കണം, ഭക്തർക്ക് നിലയ്ക്കലും പമ്പയിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കുടിവെള്ളവും ഭക്ഷണവും ശുചിമുറിയുമില്ലാത്ത ഇടങ്ങളിൽ ഭക്തരെ തടയരുതെന്ന് ദേവസ്വം മന്ത്രി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.