ശബരിമല റോപ്പ്‌വേ പദ്ധതി ഊർജ്ജിതമായി മുമ്പോട്ടു പോകുന്നതായി പുതിയ റിപ്പോർട്ടുകൾ പറയുന്നു. റോപ്പ്‌വേക്ക് തറക്കല്ലിട്ടാൽ രണ്ട് വർഷം കൊണ്ട് പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരാർ കമ്പനി പറയുന്നത്. പദ്ധതിക്കായി 4.53 ഹെക്ടര്‍ ഭൂമി കൊല്ലം ജില്ലയില്‍ റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു. ഇത് വനം വകുപ്പ് അംഗീകരിച്ചതാണ് പുതിയ വാർത്ത. വനം വകുപ്പ് വിട്ടു നല്‍കുന്ന ഭൂമിക്ക് പകരം ഭൂമി വനം വകുപ്പ് റവന്യു വകുപ്പിന് നല്‍കും. കഴിഞ്ഞ 17 വര്‍ഷമായി നിലനിന്നിരുന്ന തർക്കങ്ങൾക്കാണ് അവസാനമായിരിക്കുന്നത്.
ശബരിമല റോപ്പ് വേ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്ന 4.5336 ഹെക്ടർ വനഭൂമിക്ക് പകരം പരിഹാര വനവൽക്കരണത്തിനായിട്ടാണ് ഭൂമി കൈമാറ്റം. കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ കുളത്തൂപ്പുഴ വില്ലേജിൽ സർവെ 976/1 പെട്ട 4.5336 ഹെക്ടർ ഭൂമിയാണ് വനം വകുപ്പിന് കൈമാറിയത്.
ഇതു സംബന്ധിച്ച നിയമനടപടികളെല്ലാം പൂർത്തിയായി എന്നാണ് ദേവസ്വം മന്ത്രി വിഎൻ വാസവൻ പറയുന്നത്. ശബരിമല കയറ്റം വലിയൊരു വിഭാഗമാളുകൾക്ക് സാധ്യമല്ലെന്ന നില ഇപ്പോഴുണ്ട്. ശാരീരികമായി അവശത അനുഭവിക്കുന്ന ആളുകൾക്കും ശബരിമലയിലേക്ക് എത്തിച്ചേരാൻ റോപ്പ്‌വേ വരുന്നതോടെ എളുപ്പമായിത്തീരും. മറ്റുള്ളവർക്കും മല ചവിട്ടിക്കയറാതെ തന്നെ അയ്യപ്പനെ ദർശിക്കാൻ ഇതുവഴി സാധ്യമാകും. സാധന സാമഗ്രികൾ എളുപ്പത്തിലും ചെലവ് കുറച്ചും സന്നിധാനത്തെത്തിക്കാനും ഈ പദ്ധതി വഴി സാധിക്കും.
എന്താണ് ശബരിമല റോപ്പ്‌വേ?
പമ്പയിലെ കെഎസ്ഇബി സബ്സ്റ്റേഷന്റെ അടുത്തുള്ള ഹിൽടോപ്പിൽ നിന്ന് ക്ഷേത്ര സന്നിധാനം വരെ നീളുന്ന ഒരു റോപ്പ്‌വേ പദ്ധതിയാണ് ശബരിമല റോപ്പ്‌വേ എന്നറിയപ്പെടുന്നത്. ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിനുള്ള ഉന്നതാധികാര സമിതിയാണ് റോപ്പ്‌വേ നിർമ്മിക്കാമെന്ന നിർദ്ദേശം മുമ്പോട്ടു വെച്ചത്. നിർദ്ദിഷ്ട റോപ്പ് വേ യാത്രക്കാരുടെ യാത്രാ സമയം കുറയ്ക്കും. ഇതോടൊപ്പം ചരക്ക് ഗതാഗതത്തിനും സഹായകമാണ്.
ഏതാണ് ശബരിമല റോപ്പ്‌വേയുടെ റൂട്ട്?
അഞ്ച് വ്യത്യസ്ത റൂട്ടുകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ തീരുമാനിച്ചിട്ടുള്ളത് പമ്പയിലെ കെഎസ്ഇബി സബ്സ്റ്റേഷനു പിന്നിൽ നിന്ന് സന്നിധാനത്തെ പോലീസ് ബാരക്കിന് പിന്നിലേക്ക് നീളുന്ന റൂട്ടാണ്. ഈ റോപ്പ്‌വേ പരസ്പരം ബന്ധിപ്പിക്കുന്ന രണ്ട് പോയിന്റുകൾ താഴെ കൊടുക്കുന്നു.
ലോവർ ടെർമിനൽ പോയിന്റ് (LTP): KSEB സബ്‌സ്റ്റേഷനു സമീപമുള്ള ഹിൽ ടോപ്പിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
അപ്പർ ടെർമിനൽ പോയിന്റ് (UTP): സന്നിധാനത്ത് പോലീസ് ബാരക്കിന് പുറകിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഇവ കൂടാതെ പമ്പയിലെ കാർ/ബസ് പാർക്കിങ് ഏരിയ മുതൽ സന്നിധാനത്തെ മാളികപ്പുറത്തിനടുത്തുള്ള പോലീസ് ബാരക്ക് വരെയുള്ള റൂട്ടും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു ബദൽ റൂട്ട് പമ്പയിലെ കാർ/ബസ് പാർക്കിങ് ഏരിയ മുതൽ സന്നിധാനത്തെ വടക്കേ ഭാഗത്ത് പ്രസാദം പ്ലാന്റിന്റെ ഗോഡൗണിനായി നിർദ്ദേശിച്ചിട്ടുള്ള സ്ഥലം വരെയുള്ളതാണ്. വേറെയൊരു നിർദ്ദേശമുള്ളത് പരമ്പരാഗത പാത തുടങ്ങുന്ന ജങ്ഷനിൽ നിന്ന് സന്നിധാനത്തെ വടക്കേ ഭാഗത്ത് പ്രസാദം പ്ലാന്റിന്റെ ഗോഡൗണിനായി നിർദ്ദേശിച്ചിട്ടുള്ള സ്ഥലം വരെ നീളുന്നതാണ്. മറ്റൊരു ബദൽ നിർദ്ദേശം പമ്പയിലെ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസ് മുതൽ സന്നിധാനത്തെ വടക്കേ ഭാഗത്ത് പ്രസാദം പ്ലാന്റിന്റെ ഗോഡൗണിനായി നിർദ്ദേശിച്ചിട്ടുള്ള സ്ഥലം വരെയുള്ളതാണ്.
ഇപ്പോൾ പൊതുസമ്മതം വന്നിട്ടുള്ള റൂട്ട് ആദ്യം പരാമർശിച്ച റൂട്ട് തന്നെയാണ്. പമ്പയിലെ കെഎസ്ഇബി സബ്സ്റ്റേഷനു പിന്നിൽ നിന്ന് സന്നിധാനത്തെ പോലീസ് ബാരക്കിന് പിന്നിലേക്ക് നീളുന്ന റൂട്ട്. പമ്പയില്‍ ഈ റൂട്ട് തുടങ്ങുന്ന ഭാഗത്തേക്ക് റോഡുമാർഗ്ഗം എളുപ്പം എത്തിച്ചേരാം. ദേവസ്വം ഓഫീസ് കോംപ്ലക്സിൽ നിന്നും, പാലത്തിൽ നിന്നും പരമാവധി 500 മീറ്റർ മാത്രമേ ഇങ്ങോട്ടുള്ളൂ. മഴ സീസണിൽ എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാൻ കഴിയും.
മുകളിൽ കണ്ടെത്തിയ സ്ഥലമാണെങ്കിൽ പരന്ന പ്രതലമാണ്. മരങ്ങളൊന്നും മുറിക്കേണ്ടി വരുന്നില്ല. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലാണ് ഈ ഭൂമിയുള്ളത്.
ആരാണ് ശബരിമല റോപ്പ്‌വേ നിർമ്മിക്കുക?
ദാമോദർ റോപ്‌വേസ് ആൻഡ് ഇൻഫ്രാ ലിമിറ്റഡും, എയ്റ്റീൻത് സ്റ്റെപ്പ് പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് രൂപീകരിച്ച കൂട്ടായ്മയാണ് ഈ പദ്ധതിയുടെ നിർമ്മാണ ജോലികൾ ഏറ്റെടുക്കുക. ഇതിനായി എയ്റ്റീൻത് സ്റ്റെപ്പ് ദാമോദർ കേബിൾ കാർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്ന എയ്റ്റീൻത് സ്റ്റെപ്പ് ദാമോദർ കേബിൾ കാർ പ്രൈവറ്റ് ലിമിറ്റഡ് ഒരു സ്വകാര്യ കമ്പനിയാണ്. 2015 ജൂൺ 01-ന് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന കമ്പനിയാണിത്.
ഏതുതരം റോപ്പ്‌വേയാണ് നിർമ്മിക്കുക?
ഡിറ്റാച്ചബിൾ ഗ്രിപ്പ് മോണോകേബിൾ റോപ്പ്‌വേ സംവിധാനമാണ് ശബരിമലയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. 48094.640 മീ 2 വിസ്തീർണ്ണമുള്ള പ്രദേശത്ത് 2706.42 മീറ്റർ നീളമുള്ള റോപ്പ്‌വേയാണ് നിർമ്മിക്കുക. രണ്ട് ടെർമിനൽ സ്റ്റേഷനുകൾ, 19 ടവറുകൾ, റോപ്‌വേ ഇടനാഴി, ഓപ്പൺ ആൻഡ് കവേർഡ് സ്റ്റോറേജ് ഏരിയ, ഗോഡൗൺ, മെഷീൻ റൂം, ഡോർമിറ്ററി, അടുക്കള എന്നിവ അടങ്ങുന്നതാണ് നിർമ്മിതി. ലോവർ ടെർമിനൽ പോയിന്റിൽ നിന്ന് അപ്പർ ടെർമിനൽ പോയിന്റിലേക്ക് നീളുന്ന റോപ്പ്‌വേ നിർമ്മിക്കാനാണ് ഏൽപ്പിച്ചിരിക്കുന്നത്.
പെരിയാർ വന്യജീവി സങ്കേതത്തിന്റെ ചില ഭാഗങ്ങളിലൂടെയും റോപ്പ്‌വേ പോകുന്നുണ്ട്. 4.94 ഹെക്ടര്‍ വനഭൂമിയിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്നാൽ ഇത്രയും വനഭൂമിയിൽ കാര്യമായ വ്യത്യാസങ്ങളൊന്നും വരുന്നില്ല. സന്ദർശകർക്കായി അടുക്കളയ്‌ക്കൊപ്പം ഡോർമിറ്ററി യൂണിറ്റുകളും നിർമ്മിക്കും. ഇത് അത്യാവശ്യ ഘട്ടങ്ങളിൽ യാത്രക്കാർക്ക് ഉപയോഗിക്കാനുള്ളതാണ്. റോപ്പ്‌വേയിലൂടെ ആംബുലൻസ് കാർ ഓടിക്കാനും സാധിക്കും. ഇതുവഴി അടിയന്തിര വൈദ്യ സഹായങ്ങൾക്ക് അയ്യപ്പഭക്തരെ എത്രയും പെട്ടെന്ന് പമ്പയിൽ എത്തിക്കാനാകും. വനമേഖലയുടെ സംരക്ഷണത്തിനായി ‘പ്ലാസ്റ്റിക് രഹിത മേഖല’യായി പദ്ധതിപ്രദേശത്തെ കണക്കാക്കും.
മണിക്കൂറിൽ 50 ടൺ എന്ന കണക്കിലായിരിക്കും റോപ്പ്‌വേക്ക് താങ്ങാൻ കഴിയുന്ന ഭാരം. 34 എംഎം ഡയാമീറ്റർ സ്റ്റീൽ കയറുകൾ ഉപയോഗിക്കും. 20 മിനിറ്റു കൊണ്ട് ഓരോ കേബിൾ കാറും സന്നിധാനത്ത് എത്തിച്ചേരും. സെക്കൻഡിൽ മൂന്ന് മീറ്റർ എന്ന വേഗതയിലാണ് കേബിൾ കാറുകൾ സഞ്ചരിക്കുക. ലോങ് ട്രേ സെമിൻ എൻക്ലോസ്ഡ് ബോക്സ് കാറുകളും ആംബുലൻസ് കാറുകളുമാണ് ഓടിക്കുക. ഓരോ കാറിലും 500 കിലോഗ്രാം വരെ ഭാരം ഏറ്റാൻ കഴിയും.
എന്താണ് പദ്ധതിയുടെ ആവശ്യകത?
ശബരിമല ക്ഷേത്രഭൂമി വളരെ ഉയരത്തിലാണ് നിലകൊള്ളുന്നത്. തീർഥാടകർക്ക് വാഹനങ്ങളിലൂടെ ഒരിക്കലും എത്തിച്ചേരാൻ സാധിക്കാത്ത വഴികളിലൂടെ കാൽനടയായും പല്ലക്കുകളിലുമെല്ലാമാണ് ഭക്തർ ക്ഷേത്രത്തിലെത്തുന്നത്. പമ്പയിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ കുത്തനെയുള്ള പാതയിലൂടെ മലമുകളിലേക്ക് നടക്കുന്നു. ഈ പാതയിലെ യാത്രയും പുണ്യമാണ്.
എങ്കിലും ശബരിമലയിലേക്ക് എന്ത് സാധന സാമഗ്രികൾ എത്തിക്കണമെങ്കിലും തലച്ചുമടായും മറ്റും വേണം എത്തിക്കാൻ. ഇത് മുകളിൽ സാധനങ്ങളുടെ വില ഉയർത്തുന്ന ഘടകമാണ്. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണിത്. സാധനങ്ങൾ പാതയിൽ ട്രാക്ടറുകളുപയോഗിച്ചും കൊണ്ടുപോകാറുണ്ട്. ഇത് പാതയിൽ ഭക്തർക്ക് എപ്പോഴും അസൗകര്യം ഉണ്ടാക്കുന്ന ഘടകമാണ്. കുത്തനെയുള്ള ഭാഗങ്ങളിൽ ഇത്തരം വാഹനങ്ങൾ മറിഞ്ഞ് അപകടമുണ്ടാകാനുള്ള സാധ്യതയും കുറവല്ല. ക്ഷേത്രത്തിലേക്കുള്ള പൂക്കളും മറ്റ് സാമഗ്രികളും പ്രസാദമുണ്ടാക്കാനുള്ള അരിയും ശർക്കരയുമെല്ലാം ദൈനംദിനമെന്നോണം മലയിലേക്ക് എത്തിക്കേണ്ടതുണ്ട്. മുകളിലെ കുന്നിൻ ക്ഷേത്ര പരിസരത്ത് നിന്ന് പ്രവർത്തിക്കുന്ന വ്യാപാരികൾക്ക് ആവശ്യമായ സാധനങ്ങൾ, തീർത്ഥാടകർ ആശ്രയിക്കുന്ന നിരവധി റെസ്റ്റോറന്റുകൾക്ക് ആവശ്യമായ സാധനങ്ങൾ തുടങ്ങിയവയും കാൽനടയായാണ് പ്രധാനമായും എത്തുന്നത്. സിമന്റ്, സ്റ്റീൽ മുതലായ നിർമ്മാണ സാമഗ്രികളും ഇങ്ങനെത്തന്നെ വേണം എത്തിക്കാൻ.