ശബരിമല(Sabarimala): ഇനിയുള്ള ദിവസങ്ങൾ ശരണമന്ത്രങ്ങളാൽ ഭക്തിസാന്ദ്രമാണ് .ഒരു മണ്ഡലക്കാലത്തിന്(Mandalakalam) കൂടി വെള്ളിയാഴ്ച തുടക്കമാകുന്നു . വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പിഎൻ മഹേഷാണ് നട തുറക്കുന്നത്. തുടർന്ന് മാളികപ്പുറം ക്ഷേത്രം തുറക്കാനായി അവിടുത്തെ മേൽശാന്തി പിഎം മുരളിക്ക് താക്കോലും ഭസ്മവും നൽകിയ ശേഷം പതിനെട്ടാംപടിയിറങ്ങി തെളിക്കും. അതിനുശേഷം ഭക്തർക്കായി പതിനെട്ടാംപടിയുടെ വാതിൽ തുറക്കും. ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്തമേൽശാന്തിമാർ ആദ്യം പടികയറും.
നാളെ ഭക്തർക്ക് ദർശനവും പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും മാത്രമേയുള്ളു. പൂജകൾ ഉണ്ടായിരിക്കില്ല. പുതിയ മേൽശാന്തി എസ് അരുൺ കുമാർ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവരുടെ സ്ഥാനാരോഹണം വൈകീട്ട് ആറ് മണിക്കാണ്. തന്ത്രിമാരുടെ കാർമികത്വത്തിൽ കലശം പൂജിച്ച് അഭിഷേകം ചെയ്യും. പിന്നീട് കൈപിടിച്ച് ശ്രീകോവിലിൽ കൊണ്ടുപോയി മൂലമന്ത്രം ചൊല്ലിക്കൊടുക്കും.
ആദ്യം ശബരിമല ക്ഷേത്രത്തിലെയും പിന്നീട് മാളികപ്പുറത്തെയും മേൽശാന്തിമാരുടെ അഭിഷേകമാണ് നടക്കുന്നത്. കൊല്ലം ശക്തികുളങ്ങര കന്നിമേൽചേരി തോട്ടത്തിൽമഠം നാരായണീയത്തിൽ എസ് അരുൺകുമാർ നമ്പൂതിരി, കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതി എന്നിവർ പുറപ്പെടാശാന്തിമാരായാണ് മലകയറുന്നത്.
ദർശനസമയം
ഇത്തവണ ദർശനം സമയം 16ൽ നിന്ന് 18 ആയി മണിക്കൂറാക്കി ഉയർത്തി. പ്രതിദിനം 80,000 പേർക്കും വെർച്ച്വൽ ക്യൂ വഴി 70000 പേർക്കും ദർശന സൗകര്യം ഒരുക്കും. സ്‌പോട് ബുക്കിങ് ഇല്ല. പകരം നേരിട്ട് എത്തുന്നവർക്ക് ബുക്ക് ചെയ്യാൻ .പമ്പ, വണ്ടിപ്പെരിയാർ, എരുമേലി എന്നീ മൂന്നിടങ്ങളിൽ തത്സമയം ഓൺലൈൻ കൌണ്ടറുകൾ ഉണ്ടാകും.
തിരക്ക് കൂടുതൽ ഉള്ള സമയത്ത് ഭക്തർക്ക് വിശ്രമിക്കാൻ പമ്പയിൽ കൂടുതൽ നടപ്പന്തലുകൾ സജ്ജീകരിച്ചിട്ടുണ്. അധികമായി ആറ് നടപ്പന്തൽ സജ്ജമാക്കി. ജർമൻ പന്തലും തയ്യാറാണ്. 8,000 പേർക്ക് പമ്പയിൽ സുരക്ഷിതമായി നിൽക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
പാർക്കിങ് സൗകര്യം
പാർക്കിങ്ങിനു നിലയ്ക്കലിന് പുറമെ എരുമേലിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിൽ ഇത്തവണ 10,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകും. സുരക്ഷയ്ക്ക് 13,500 പോലീസുകാരുടെ സേവനം. പതിനെട്ടാം പടിക്ക് മുകളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല. ദക്ഷിണ റെയിൽവേ ബെഗളൂരുവിൽ നിന്ന് സ്‌പെഷ്യൽ ട്രെയിനുകളും ക്രമീകരിക്കുന്നുണ്ട്.