കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംഗീതം ഒന്നായി ഒഴുകി ചേർന്നപ്പോൾ തൃശ്ശൂരിലെ സംഗീത ആസ്വാദകർക്ക് അതൊരു വേറിട്ട അനുഭവമായി. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച മ്യൂസിക്കൽ ക്രോസോവറായ ഈസ്റ്റ് – വെസ്റ്റ് മീറ്റിൽ ഹംഗേറിയൻ സംഗീതജ്ഞൻ റോഷ് തമാഷിൻ്റെ നേതൃത്വത്തിൽ നടന്ന സംഗീത നിശയിൽ അദ്ദേഹം ഹംഗേറിയന്‍ ഭാഷയില്‍ സ്വയം ചിട്ടപ്പെടുത്തിയ ഗാനം ആലപിക്കുമ്പോള്‍,സദസ്സിലുണ്ടായിരുന്ന മുഴുവന്‍ പേരും ഗാനത്തിന്റെ ആത്മാവില്‍ അലിഞ്ഞു ചേരുകയായിരുന്നു.
സംഗീതത്തില്‍ സ്വയം ലയിച്ച് അതിര്‍ത്തികള്‍ ഇല്ലാവുന്ന കാഴ്ചയ്ക്കാണ് കേരള സംഗീത നാടക അക്കാദമി സാക്ഷിയായത്.
പാശ്ചാത്യസംഗീതോപകരണമായ സെല്ലോയില്‍ കല്യാണി, കീരവാണി അടക്കമുള്ള രാഗങ്ങളും വായിച്ച് റോഷ് തമാഷ് ആസ്വാദകരുടെ മനം കവര്‍ന്നു. അക്കാദമി വൈസ് ചെയര്‍മാനും ഗായികയുമായ പുഷ്പവതിയും പ്രശസ്ത സംഗീതജ്ഞനും അക്കാദമി അവാര്‍ഡ് ജേതാക്കളുമായ വിദ്യാധരന്‍ മാസ്റ്ററും പ്രകാശ് ഉള്ളിയേരിയും ആലപ്പുഴ എസ് വിജയകുമാറും മ്യൂസിക്കല്‍ ക്രോസോവറില്‍ പങ്കാളികളായി. കര്‍ണ്ണാടക സംഗീതവും പാശ്ചാത്യ സംഗീതവും സമന്വയിച്ച് സംഘടിപ്പിച്ച പരിപാടിയെ ആസ്വാദകര്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.