റോബിൻ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിവരുന്നതിനിടെയാണ് സംഭവം. തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംവിഡിയുടെ നടപടി. ബസിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി ബസ് പിടിച്ചെടുക്കാനെത്തിയത്. കസ്റ്റഡിയിലെടുത്ത ബസ് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റി.
ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്ന വിധം ബസ് പെര്‍മിറ്റ് ലംഘനം നടത്തിയെന്ന് എംവിഡി പറഞ്ഞു. ഡ്രൈവര്‍മാരുടെ ലൈസന്‍സ്, വാഹനത്തിന്റെ പെര്‍മിറ്റ് എന്നിവ റദ്ദാക്കാനും നടപടിയുണ്ടാകും. കൂടാതെ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്‌ളോഗ്ഗര്‍മാര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാനാണ് എംവിഡിയുടെ തീരുമാനം.