ഇരിങ്ങാലക്കുട : ഗോത്രഭാഷകൾ, കടപ്പുറം ഭാഷകൾ, വിവിധ പ്രദേശങ്ങളിലെ നാട്ടു ഭാഷകൾ തുടങ്ങിയവയുടെ വീണ്ടെടുപ്പിന് ആധുനിക മലയാള സാഹിത്യത്തിൽ ശ്രമങ്ങൾ ഏറി വരുന്നുണ്ടെന്ന് പ്രശസ്ത സിനിമാ ഗാനരചയിതാവ് ബി കെ ഹരിനാരായണൻ(B k Harinarayanan) പറഞ്ഞു. പുസ്തകം അച്ചടിക്കുക എന്നത് ഒരു വലിയ ബാധ്യതയായിരുന്ന പഴയ കാലത്ത് പലരും പ്രാദേശിക ഭാഷയുടെ വീണ്ടെടുപ്പിന് സാഹിത്യത്തിലൂടെ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ സാധാരണക്കാരന് അപ്രാപ്യമായിരുന്ന പുസ്‌തക വിപണി അത്തരം ശ്രമങ്ങൾ പരാജയപ്പെടാൻ കാരണമായി. ഇന്ന് നവമാധ്യമങ്ങളുടെ വരവോടെ വിപണന സാധ്യതകൾ ഏറുകയും പ്രാദേശിക ഭാഷകൾ ജനശ്രദ്ധയിലേക്ക് എത്തിക്കാൻ എഴുത്തുകാർക്ക് കഴിയുകയും ചെയ്യുന്നുണ്ട്.
എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ നേതൃത്വത്തിൽ 47 കവികളുടെ രചനകൾ സമാഹരിച്ച “കവിതയുടെ നാട്ടുവരമ്പത്ത്” എന്ന പുസ്തകം ഇരിങ്ങാലക്കുടയിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രൊഫ സാവിത്രി ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. കവി ബാലകൃഷ്ണൻ അഞ്ചത്ത് പുസ്തകം ഏറ്റു വാങ്ങി. കവി അരുൺ ഗാന്ധിഗ്രാം പുസ്തകം പരിചയപ്പെടുത്തി.
സിമിത ലെനീഷ്, കലാഭവൻ മണികണ്ഠൻ, ഷെറിൻ അഹമ്മദ്, സജ്‌ന ഷാജഹാൻ, രാധാകൃഷ്ണൻ കിഴുത്താണി, കൃഷ്ണകുമാർ മാപ്രാണം തുടങ്ങിയവർ സംസാരിച്ചു. പ്രകാശനത്തിനോടനുബന്ധിച്ച് നടത്തിയ കവിയരങ്ങ് പി എൻ സുനിൽ ഉദ്ഘാടനം ചെയ്തു.