കണ്ണൂർ: യാത്രക്കാരുടെ പ്രതീക്ഷകൾ വാനോളമുയർത്തി കണ്ണൂരിലെ ആറുവരിപ്പാത നിർമാണം. പണി പൂർത്തിയായ മുഴപ്പിലങ്ങാട് – മാഹി ബൈപാസ് ഫെബ്രുവരി 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. അന്നേ ദിവസം വിവിധ പരിപാടികൾക്കായി തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിക്കും. 24ന് ദേശീയ പാത കൈമാറുന്ന സാഹചര്യത്തിൽ യുദ്ധകാല അടിസ്ഥാനത്തിലാണ്നിർമാണ കമ്പനി പ്രവൃത്തികൾ നടത്തിവരുന്നത്. അവസാന ലെയ്ർ ടാറിങ്, സീബ്രാലൈൻ ഇടൽ, കൈവരിക്ക് പെയിന്റടിക്കൽ എന്നിവയാണ് ഇപ്പോൾ നടന്നു വരുന്നത്. ബൈപാസ് റോഡിൽ നിന്നും നിർമാണ സാധനങ്ങളും മാറ്റി തുടങ്ങിയിട്ടുണ്ട്. ഉത്തര മലബാറിലെ ഗതാഗതവികസനത്തിന്കുതിപ്പേകുന്ന പദ്ധതിയാണ് മാഹി – മുഴപ്പിലങ്ങാട് ബൈപാസ്. 1300 കോടി രൂപ ചെലവഴിച്ചാണ് ആറുവരിപ്പാത നിർമിച്ചിട്ടുള്ളത്. 85.5 ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്തിട്ടുണ്ട്. മുഴപ്പിലങ്ങാട്ടു നിന്ന് ധർമ്മടം, എരഞ്ഞോളി, തലശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരിൽ ചെന്നെത്തുന്നത്.
തലശേരി, മാഹി നഗരങ്ങളിൽ പ്രവേശിക്കാതെ കണ്ണൂർ ഭാഗത്തു നിന്നും വരുന്നവർക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എത്തിച്ചേരാൻ കഴിയും. തലശേരിയിലെയും മാഹിയിലെയും ഗതാഗത കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്ക് ബൈപാസ് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. മുഴപ്പിലങ്ങാട് – മാഹി ബൈപാസ് യാഥാർഥ്യമാകുന്നതോ 47 വർഷത്തെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. 18.6 കിലോമീറ്റർ നീളവും 45 മീറ്റർ വീതിയുമാണ് ബൈപാസിനുള്ളത്.പാലയാട് നിന്നു തുടങ്ങി തലശ്ശേരി ബാലം വഴി 1170 മീറ്റർ നീളുന്ന പാലം ഉൾപ്പെടെ നാലു വലിയ പാലങ്ങളും അഴിയൂർ മുക്കാളിയിലെ റെയിൽവേ മേൽപാലം, 4 വെഹിക്കുലാർ അണ്ടർപാസുകൾ, 12 ലൈറ്റ് വെഹിക്കുലാർ അണ്ടർപാസുകൾ, ഒരു വെഹിക്കുലാർ ഓവർപാസ്, 5 സ്മോൾ വെഹിക്കുലാർ അണ്ടർപാസുകൾ, എന്നിവയാണ് മാഹി – മുഴപ്പിലങ്ങാട് ബൈപാസിൽ ഉൾപ്പെടുന്നത്. 2020 മേയിൽ നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിച്ചാണ് നിർമാണം തുടങ്ങിയതെങ്കിലും കൊവിഡ് ലോക്ഡൗണും നെട്ടൂർ ബാലത്തെ പാലത്തിന്റെ നിർമാണത്തിൽ വന്ന പ്രശ്നങ്ങളും നിർമാണത്തിന് തടസമാവുകയായിരുന്നു.