വന്യജീവി ആക്രമണത്തിൽ വയനാട്ടിൽ (Wayanad) പ്രതിഷേധം കനക്കുന്നതിനിടെ മണ്ഡലം സന്ദർശിച്ച് രാഹുൽ ഗാന്ധി (Rahul Gandhi). രാഹുലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് (Bharat Jodo Nyay Yatra) ചെറിയ ഇടവേള നൽകിയാണ് അദ്ദേഹം വയനാട്ടിൽ എത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പയ്യമ്പള്ളി ചാലിഗദ്ദയിലെ അജീഷിന്റെ വീട്ടിൽ രാഹുൽ സന്ദർശനം നടത്തി. തുടർന്ന് കാട്ടാനയുട ചവിട്ടേറ്റ് മരിച്ച പി.വി പോളിന്റെ പക്കത്തെ വീടും സന്ദർശിച്ചു.
കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ഡിസംബറിൽ കൊല്ലപ്പെട്ട മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീടും അദ്ദേഹം സന്ദർശിക്കും. തുടർന്ന് കല്പറ്റ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിലേക്ക് തിരിക്കും. 10.50 മുതൽ 11.20 വരെ കല്പറ്റ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ നടക്കുന്ന അസസ്മെന്റ് റിവ്യു മീറ്റിങ്ങിൽ പങ്കെടുക്കും.
കണ്ണൂരിൽ നിന്ന് രാവിലെ 7.45ഓടെ റോഡ് മാർഗമാണ് രാഹുൽ ഗാന്ധി പടമലയിലെത്തിയത്. പിഡബ്യൂഡി റസ്റ്റ് ഹൗസിൽ ജില്ലാ ഭരണകൂടവുമായി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം 11.50-ന് ഹെലികോപ്റ്റർമാർഗം അദ്ദേഹം കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിക്കും. കല്പറ്റ എസ്.കെ.എം.ജെ. സ്‌കൂൾ ഗ്രൗണ്ടിൽനിന്നാണ് ഹെലികോപ്റ്റർ കയറുക. 12.30-നാണ് അലഹാബാദിലേക്കുള്ള പ്രത്യേക വിമാനം.