തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യംചെയ്യൽ പൂർത്തിയായി. മൂന്നര മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യല്‍.
സംസ്ഥാനത്ത് നടക്കുന്ന യൂത്ത് കോൺഗ്രസിന്റെ എല്ലാ പ്രവൃത്തികൾക്കും തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും താൻ അതിൽ നിന്നും ഒഴിഞ്ഞുമാറിയിട്ടില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം രാഹുൽ പറഞ്ഞു. ‘അന്വേഷണത്തോട് താൻ സഹകരിക്കുന്നുണ്ട്. അത് എന്‍റെ ധാർമിക ഉത്തരവാദിത്തമാണ്’. അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിനെ രാഷ്ട്രീയമായി നേരിടുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും രാഹുൽ പറഞ്ഞു. ഞാൻ ഒരു നിയമപ്രതിരോധവും നടത്തുന്നില്ല. എല്ലാ ചോദ്യങ്ങൾക്കു മറുപടി നൽകി. ആര് വിളിച്ചാലും എനിക്ക് നെഞ്ചുവേദന ഉണ്ടാവില്ല. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടില്ല. എന്റെ മൊഴിയെടുപ്പാണ് നടന്നത്. ചോദ്യം ചെയ്യലല്ല. അടൂരിൽ നിന്ന് താൻ വന്നതിനുള്ള യാത്രാച്ചിലവ് പൊലീസ് നൽകേണ്ടതാണ്. പക്ഷേ എനിക്കത് വേണ്ട. ചോദ്യം ചെയ്യലായി ഇത് ചിത്രീകരിക്കുന്നത് മാധ്യമങ്ങളാണ്. പൊലീസ് ഇക്കാര്യം എന്നോട് പറഞ്ഞിട്ടില്ല. ഒളിവിലുള്ള പ്രതി എവിടെയുണ്ടെന്ന് എനിക്കറിയില്ല. കെ.പി.സി.സി ഇതുവരെ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല’. പക്ഷേ താൻ തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞെന്നും രാഹുൽ കൂട്ടിച്ചേർത്തു.