പ്രധാനമന്ത്രിയെ വരവേൽക്കാൻ പൂരനഗരിയിൽ പൂക്കാലവും, മെഗാ തിരുവാതിരയും.

Written by Taniniram Desk

Updated on:

തൃശൂർ: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ആഘോഷമാക്കാൻ ബിജെപി പൂരനഗരിയില്‍ പൂരക്കാലവും മെഗാതിരുവാതിരയുമടക്കം വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്.

ജനുവരി മൂന്നിനാണ് പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനം. വൈകിട്ട് മൂന്നിന് കുട്ടനല്ലൂര്‍ ഹെലിപാഡില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം തൃശൂരില്‍ എത്തും. റോഡ് മാര്‍ഗമുള്ള യാത്രയെ ‘റോഡ്ഷോ’ ആക്കിയാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും ബിജെപിയും ജില്ല ഭരണകൂടവും ആരംഭിച്ചുകഴിഞ്ഞു.

ക്ഷേത്ര മൈതാനിയില്‍ നായ്ക്കനാലിന് സമീപമാണ് വേദിയൊരുങ്ങുന്നത്. മഹിളസമ്മേളനത്തില്‍ രണ്ട് ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ വിശദീകരണം. വനിത ശാക്തീകരണ രംഗത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ സൃഷ്ടിച്ച ചലനങ്ങള്‍ പ്രധാനമന്ത്രി വിശദീകരിക്കും. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടുയര്‍ന്ന തറവാടക വിവാദവും പ്രതിസന്ധികളുമടക്കം സുപ്രധാന പ്രഖ്യാപനങ്ങളും ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

വെള്ളിയാഴ്ച വൈകീട്ട് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി നടന്നു. 31ന് വൈകീട്ട് അഞ്ചിന് വരയഴകും കാവ്യസ്വരവും എന്ന പരിപാടി കോര്‍പ്പറേഷന് മുന്നില്‍ നടക്കും. ജനുവരി ഒന്നിന് വടക്കുംനാഥ ക്ഷേത്രമൈതാനിയില്‍ മെഗാ തിരുവാതിര അരങ്ങേറും. രണ്ടിന് വൈകീട്ട് നടുവിലാലില്‍ 101 മേളകലാകാരൻമാര്‍ അണിനിരക്കുന്ന കേളി അവതരണവും നടക്കും.

മൂന്നിന് വൈകീട്ട് മൂന്നു മണിക്ക് കുട്ടനെല്ലൂരില്‍ നിന്ന് റോഡ് മാര്‍ഗം എത്തുന്ന പ്രധാനമന്ത്രിയെ ജനറല്‍ ആശുപത്രിക്ക് സമീപം സ്വീകരിക്കും. ഇവിടെ നിന്നുമാണ് റോഡ് ഷോ. സ്വരാജ് റൗണ്ടിലൂടെ നടക്കുന്ന റോഡ് ഷോ നായ്ക്കനാല്‍ വഴി മൈതാനത്ത് പ്രവേശിക്കും. പൊതുസമ്മേളന മൈതാനിയില്‍ പുരുഷന്മാര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.

പ്രധാനമന്ത്രി ആയ ശേഷം മൂന്നാം തവണയാണ് നരേന്ദ്രമോദി തൃശൂര്‍ നഗരത്തില്‍ എത്തുന്നത്. സുരക്ഷാ മുൻകരുതലൊരുക്കുന്നതിന് ജില്ല കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ കുട്ടനെല്ലൂര്‍ സി. അച്ചുതമേനോൻ ഗവ.കോളജ് ഹെലിപാഡ് സന്ദര്‍ശിച്ചു. സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക്, പൊതുമരാമത്ത് റോഡ്, കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയര്‍മാര്‍, പൊലീസ്, റവന്യു, ഫയര്‍ഫോഴ്സ്, കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ജില്ല കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.

See also  'നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുമോ'? ഒടുവിൽ തീരുമാനം…

Related News

Related News

Leave a Comment