കണ്ണൂർ : കണ്ണൂർ തലശ്ശേരി – മാഹി ബൈപാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും. ഓൺലൈൻ മുഖേനയാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിക്കുക. നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പ് യാഥാർത്ഥ്യമാകുന്നു. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട്ടുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ നീളുന്നതാണ് പുതിയ ബൈപാസ്. ടോൾ പിരിവ് ഇന്ന് രാവിലെ എട്ട് മണി മുതൽ ആരംഭിച്ചു. ഫാസ്‌ടാഗ് സംവിധാനം വഴിയാണ് ടോൾ പിരിവ് നടക്കുക. ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾ നിരക്കിന്റെ ഇരട്ടി തുക നൽകണം. ഫാസ്ടാഗ് എടുക്കാനുള്ള സൗകര്യം ടോൾ പ്ലാസയിൽ ലഭ്യമാക്കുമെന്ന് കരാർ കമ്പനിയായ എവി എന്റർപ്രൈസസ് അധികൃതർ അറിയിച്ചു. ഫാസ്‌ടാഗ് റീചാർജ് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും.
ടോൾ നിരക്കുകൾ അറിയാം.
വടക്കേ ഇന്ത്യൻ സ്ഥാപനത്തിനാണ് ടോൾ പിരിക്കാൻ കരാർ. ആകെ 10.0 കിലോമീറ്റർ ദൂരമുളള ബൈപ്പാസിൽ കൊളശ്ശേരിക്കടുത്താണ് ടോൾ പ്ലാസ. കാർ, ജീപ്പ് ഉൾപ്പെടെ ചെറിയ സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപ. ബസുകൾക്ക് 225 രൂപയാകും. ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് നിരക്ക് 100 രൂപ. പ്രതിമാസം 50 യാത്രകൾക്ക് 2195 രൂപ. ടോൾ പ്ലാസ കണ്ണൂർ ജില്ലയിലായത് കൊണ്ട് ഇവിടെ രജിസ്റ്റർ ചെയ്ത ടാക്സി വാഹനങ്ങൾക്ക് 35 രൂപയാണ് നിരക്ക് മിനി ബസുകൾക്കും ചെറു വാണിജ്യ വാഹനങ്ങൾക്കും 105 രൂപ. ഇരുവശത്തേക്കും യാത്ര ചെയ്യാൻ 335 രൂപയാകും. പ്രതിമാസം 7430 രൂപക്ക് പാസും കിട്ടും. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ. പരിധിയിലുളളവരുടെ സ്വകാര്യ വാഹനങ്ങൾക്ക് പ്രതിമാസം 330 രൂപ നിരക്കിലാണ് പാസ്. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട്ടുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ നീളുന്നതാണ് പുതിയ ബൈപാസ്. ഇത്രയും ദൂരം 20 മിനിറ്റിനകം പറന്നെത്താമെന്നതാണ് പ്രത്യേകത. നിലവിലെടുക്കുന്ന സമയത്തിന്റെ പകുതിയിൽ താഴെ മാത്രം മതി ഇനിയെത്താൻ. ബൈപാസ് യാഥാർഥ്യമായതോടെ ഇനി മാഹി, തലശ്ശേരി നഗരങ്ങളിലെ ഗതാഗതക്കുരുക്കിൽ തൊടാതെ കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും യാത്ര ചെയ്യാം. മുഴപ്പിലങ്ങാട് നിന്ന് ധർമടം, എരഞ്ഞോളി, തലശേരി, കോടിയേരി, മാഹി വഴിയാണ് റോഡ അഴിയൂരിൽ എത്തിച്ചേരുന്നത്.