തിരുവനന്തപുരം (Thiruvananthapuram): വിദേശത്തു നിന്നു വാട്സാപ്പിൽ വിളിച്ചു സ്ത്രീകളെ ബ്ലാക്മെയിൽ ചെയ്യുന്ന സംഘത്തെ (A group blackmailing women was called on WhatsApp from abroad) ക്കുറിച്ചു പൊലീസിനു വ്യാപക പരാതി. ഇത്തരം കോളുകൾ പതിവായതിനാൽ സ്ത്രീകൾ അപരിചിതമായ രാജ്യാന്തര വാട്സാപ് കോളുകൾ (International WhatsApp calls) അറ്റൻഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നു പൊലീസ് മുന്നറിയിപ്പു നൽകി.
വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണു തട്ടിപ്പു വ്യാപകം. ഒട്ടേറെ സ്ത്രീകൾക്കു കോളുകൾ ലഭിക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. സൈബർ സെൽ ഡിവൈഎസ്പി (Cyber Cell Dysp) എന്നു പരിചയപ്പെടുത്തിയാണു തട്ടിപ്പുകാർ വിളിക്കുന്നത്.
തട്ടിപ്പു രീതി ഇങ്ങനെ: വാട്സാപ്പിൽ വിളിച്ച് സൈബർ സെല്ലിൽ നിന്നാണെന്ന് അറിയിക്കും. താങ്കളുടെ ഫോൺ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും അശ്ലീല വിഡിയോകൾ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അറിയിക്കും. ഇതു കുറ്റകരമായ പ്രവൃത്തി ആയതിനാൽ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നറിയിക്കും. ഇതോടെ ഭയന്നു പോകുന്ന സ്ത്രീകളെ തുടർന്നുള്ള ദിവസങ്ങളിൽ വിളിച്ച് കേസ് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടും.
ആരോടും പറയാതെ പണം നൽകി പുലിവാല് ഒഴിവാക്കിയവരാണ് ഏറെയും. സൈബർ സെല്ലിൽ നിന്നാണെന്നറിയിച്ചുള്ള ഇത്തരം വിളികൾ ലഭിച്ചാൽ ഉടൻ തങ്ങളെ അറിയിക്കണമെന്നാണ് പൊലീസ് പറയുന്നത്. പരിചയമില്ലാത്തെ കോളുകൾ അറ്റൻഡ് ചെയ്യരുത്. സന്ദേശങ്ങൾക്കു മറുപടിയും നൽകരുത്. സന്ദേശങ്ങളായി എത്തുന്ന ലിങ്കുകൾ തുറക്കാനും ശ്രമിക്കരുത്. പൊലീസിന്റെ ടോൾഫ്രീ നമ്പറായ 1090ൽ അറിയിക്കാം.