മലപ്പുറം: മലപ്പുറം നൂറാടി പാലത്തിനു സമീപം മൈലപ്പുറത്ത് കടലുണ്ടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാല് വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു. മൂന്ന് പേരെ രക്ഷിക്കാൻ ആയെങ്കിലും ഒരാൾ മുങ്ങി മരിച്ചു. മലപ്പുറം കോലാർ റോഡിൽ ചെറുതൊടി അബ്ദുല്ലകുട്ടിയുടെ മകൻ ആരിഫുദ്ധീൻ (17) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആണ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മലപ്പുറം അഗ്നിരക്ഷാ സേന ഉടനെ സംഭവ സ്ഥലത്തു എത്തി തെരച്ചിൽ ആരംഭിച്ചു. പുഴയിൽ നല്ല അടിയൊഴുക്കും പാറക്കെട്ടുകളും നിറഞ്ഞതായിരുന്നു. അരമണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ മലപ്പുറം അഗ്‌നി രക്ഷാ സേനയുടെ മുങ്ങൽ വിദഗ്ധന്മാരായ ടി.ജാബിർ, കെ.സി മുഹമ്മദ് ഫാരിസ് തുടങ്ങിയവർ ചേർന്നു ആറു മീറ്റർ താഴ്ചയിൽ നിന്നും ആരിഫുദീനെ കണ്ടെത്തി കരയിൽ എത്തിച്ചു.
സി പി ആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അസി. സ്റ്റേഷൻ ഓഫീസർ ആർ സജീവ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം. എച്ച്. മുഹമ്മദ് അലി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.പി ഷാജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വി. എസ് അർജുൻ, ഹോം ഗാർഡുമാരായ അശോക് കുമാർ,കെ.കെ ബാലചന്ദ്രൻ,വി. ബൈജു,എൻ. സനു, കെ. കൃഷ്ണകുമാർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.