പാലക്കാട്: ധോണിയിൽ ജനവാസമേഖലയിൽ പുലിയിറങ്ങിയതായി സംശയം. ചേറ്റിൽ വെട്ടിയാർ ഭഗവതി ക്ഷേത്രത്തിനു സമീപം പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തി. ആർആർടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
വനാതിർത്തിയോടു ചേർന്ന എട്ടേക്കർ സ്ഥലത്താണ് പുലിയെ കണ്ടെന്ന് സംശയിക്കുന്നത്. വീട്ടിലെ വളർത്തുനായയെ രാവിലെ മുതൽ കാണാനില്ല. നായയെ വലിച്ചുകൊണ്ടുപോയതിന്റെ പാടുകൾ സ്ഥലത്ത് കണ്ടെത്തി.
പുലർച്ചെ നാലിന് നായ ഉറക്കെ ശബ്ദമുണ്ടാക്കുന്നത് കേട്ടെന്ന് വീട്ടുകാർ പറഞ്ഞു. രാവിലെ അന്വേഷിച്ചപ്പോൾ നായയെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തെത്തിയത് പുലി തന്നെയാണെന്ന് അനൗദ്യോഗികമായി സ്ഥിരീകരിച്ചു.
ഒരുവർഷം മുമ്പ് കാട്ടാനയുടെ വിഹാരരംഗമായിരുന്ന ഈ പ്രദേശത്ത് ഇത്തവണ പുലിയുടെ സാന്നിധ്യം കണ്ടെത്തിയത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.