വിദ്യ. എം. വി
ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ കെ എന്റണിയുടെ (A.K Antony)മകൻ ബി ജെ പിയിൽ (BJP)ചേർന്നപ്പോൾ ഇന്ത്യയിലെ കോൺഗ്രസ് ബി ജെ പി ഇതര പാർട്ടികളിലുള്ള നേതാക്കളെല്ലാം ഏറെ അത്ഭുതത്തോടെയും കൗതുകത്തോടെയുമാണ് നോക്കി കണ്ടത്.
അനിൽ ആന്റണി (Anil Antony)ബി ജെ പി ദേശീയ സെക്രട്ടറി ആയി വളർന്നു പത്തനംതിട്ടയിൽ എൻ ഡി എ(NDA) സ്ഥാനാർത്ഥിയായി . അപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നിരുന്ന കെ കരുണാകരന്റെ വീട്ടിൽ നിന്ന് ഒരാൾ പോലും ബി ജെ പിയിലേക്ക് പോകുമെന്ന് കരുതിയില്ല. എന്നാൽ ഒരു രാത്രി ഇരുണ്ട് വെളുക്കുമ്പോഴേക്കും ആ ധാരണ പത്മജ(Padmaja Venugopal) മാറ്റി മറിച്ചു. അച്ഛനെയും സഹോദരനെയും പാരമ്പര്യത്തെയും പാടെ അവഗണിച്ചാണ് ബി ജെ പി താവളത്തിൽ പത്മജ കയറി പറ്റിയത്. കോൺഗ്രസിൽ നിന്ന് പുറത്തു പോയ ഘട്ടത്തിൽ പോലും ഒരു പിടിവള്ളിയില്ലാതെ നടന്ന മുരളീധരൻ(Muraleedharan) ബി ജെ പിയിൽ അഭയം തേടിയില്ല എന്നുള്ളത് പത്മജയ്ക്ക് മാത്യകയാക്കാമായിരുന്നു. ഗുരുവായൂർ(Guruvayoor) ക്ഷേത്ര നടയിൽ വച്ചു സംഘ പരിവാർ സംഘടനയിൽ പെട്ട വനിതകൾ കെ കരുണാകരൻ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതുൾപ്പെടെ പത്മജ വിസ്മരിച്ചു. ഇപ്പോൾ ചാലക്കുടിയിൽ എൻ ഡി എ സ്ഥാനാർഥി ആവാനുള്ള ശ്രമത്തിലാണ് പത്മജ. പത്മജയുടെ മാറ്റത്തോടെ ആന്റണി നേരിട്ട ദുര്യോഗം തന്നെ കരുണക്കാരന്റെ കുടുംബവും നേരിടുകയാണ്. പാർട്ടിയിൽ കടുത്ത അവഗണന നേരിട്ടതാണ് പത്മജ ഇതിന് കാരണമായി പറഞ്ഞത്. കോൺഗ്രസ് (Congress)പാർട്ടിയെ സംബന്ധിച്ചിടത്തോളം അവഗണയും തഴയലും പുതിയ കാര്യങ്ങൾ അല്ല.
ആരെയും വളരാൻ അനുവദിക്കാത്തതാണ് അവരുടെ പാരമ്പര്യം. മുൻ കെ പി സി സി(KPCC) പ്രസിഡന്റ് ആയിരുന്ന കെ മുരളീധരനു ഇന്നും അർഹമായ പരിഗണന നൽകിയിട്ടുണ്ടോയെന്ന് കോൺഗ്രസ് നേതൃത്വം പരിശോധിക്കേണ്ടതാണ്. മുരളീധരൻ എന്നിട്ടും കടുത്ത മതേതര നിലപാട് സ്വീകരിച്ചു പോരുന്നത് അച്ഛനിൽ നിന്ന് ഉൾക്കൊണ്ട ദേശീയ ബോധത്തിന്റെ ഭാഗമാണ്.
പത്മജ മത്സരിച്ച മൂന്ന് തെരെഞ്ഞെടുപ്പിലും പരാജയപ്പെടുകയാണ് ഉണ്ടായത്. ഉറച്ച സീറ്റായിരുന്ന മുകുന്ദാപുരത്തു ലോനപ്പൻ നമ്പാടനോടു ഒന്നര ലക്ഷം വോട്ടിനാണ് തോറ്റത്. പിന്നീട് തൃശൂരിൽ തേറമ്പിൽ രാമകൃഷ്ണൻ പല തെരെഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച സീറ്റിനാണ് പത്മജ ദയനീയമായി തോറ്റത്. ഇതിൽ നിന്ന് വ്യക്തമാകുന്നത് പത്മജയെ പൊതുജനത്തിന് സ്വീകാര്യമായിട്ടില്ല എന്നാണ്. പത്മജയിൽ നിന്നും അനിൽ ആന്റണിയിൽ നിന്നുമെല്ലാം കൊണ്ഗ്രെസ്സ് നേതൃത്വം പഠിക്കേണ്ട പാഠങ്ങൾ ഉണ്ട് . കൂടെ നിൽക്കുന്ന ആളുകളെ പരിധി വിട്ട് അവഗണിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ അവർ പുതിയ മേച്ചിൽ പുറം തേടുക തന്നെ ചെയ്യും.
ഇപ്പോഴും പല നേതാക്കളും അവഗണന സഹിച്ചാണ് കോൺഗ്രെസ്സിൽ തുടരുന്നത്. അവർക്കുള്ള വലയും ബി ജെ പി വീശിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇനിയും കൂടുതൽ നേതാക്കൾ ബി ജെ പിയിലേക്ക് പോയാൽ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കോൺഗ്രസ് നേതൃത്വത്തിന്റെ ജാഗ്രത കുറവാണു അതിന് വഴി വയ്ക്കുന്നത്.