എഴുത്തുകാരി പി വത്സല (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചൊവ്വാഴ്‌ച രാത്രി 10.30നായിരുന്നു അന്ത്യം. മകൾ ഹോമിയോ ഡോക്ടർ മിനിയുടെ മുക്കത്തെ വീട്ടിലായിരുന്നു താമസം. സംസ്‌കാരം പിന്നീട്
തിരുനെല്ലി കാട്ടിലെ ആദിവാസികളുടെ ദുരിതങ്ങൾ ഒപ്പിയെടുത്ത നോവൽ ‘നെല്ല് ’ ആദ്യ ശ്രദ്ധേയ രചനയാണ്. ഇത് പിന്നീട് വെള്ളിത്തിരയിലുമെത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ‘മറുപുറം’ എന്ന നോവലിന്റെ രചനയിലായിരുന്നു.
നിഴലുറങ്ങുന്ന വഴികൾ, ആഗ്നേയം, അരക്കില്ലം, ഗൗതമൻ, പാളയം, ചാവേർ, കൂമൻകൊല്ലി, നമ്പരുകൾ, വിലാപം തുടങ്ങിയവയാണ് മറ്റു പ്രധാനകൃതികൾ. പതിനേഴ് നോവലുകളും മുന്നൂറിലേറെ ചെറുകഥകളും യാത്രാവിവരണങ്ങളും ബാലസാഹിത്യ കൃതികളും എഴുതി. സമഗ്ര സംഭാവനയ്‌ക്ക് 2021ൽ എഴുത്തച്ഛൻ പുരസ്‌കാരവും ‘നിഴലുറങ്ങുന്ന വഴികൾ’ നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. 2019ൽ വിശിഷ്‌ടാംഗത്വം നൽകി അക്കാദമി ആദരിച്ചു.