തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിന്റെ സമയക്രമം മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. കെപിസിസിയുടെ ജാഥ കണക്കിലെടുത്താണ് മാറ്റം ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി. ബജറ്റ് സമ്മേളനം ഫെബ്രുവരി അഞ്ചിൽനിന്നു രണ്ടിലേക്ക് മാറ്റണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഫെബ്രുവരി ഒൻപത് മുതൽ 25 വരെയാണ് കെപിസിസിയുടെ ജാഥ.
ജനുവരി 25ന് നിയമസഭയുടെ സന്പൂർണ ബജറ്റ് സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോടു ശിപാർശ ചെയ്യാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്ന സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 14ന് അവസാനിക്കും. ഫെബ്രുവരി അഞ്ച് തിങ്കളാഴ്ചയാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുക.
ഫെബ്രുവരി ഒന്നിനുള്ള കേന്ദ്ര ബജറ്റിന് ആനുപാതികമായി ആവശ്യമായ ക്രമീകരണം നടത്താനാണ് ഫെബ്രുവരി അഞ്ചിലേക്കു മാറ്റിയത്. ഫെബ്രുവരി 14ന് താത്കാലികമായി നിർത്തിവയ്ക്കുന്ന സമ്മേളനം ഫെബ്രുവരി 26നു പുനരാരംഭിച്ച് മാർച്ച് 27നോടെ സമാപിക്കുന്ന തരത്തിലാണ് ഷെഡ്യൂൾ തയാറാക്കിയിട്ടുള്ളത്. ഈ ഷെഡ്യൂളിൽ മാറ്റം വരുത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.