യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിനാണ് പ്രേമകുമാരി യമനിലേക്ക് തിരിച്ചത്. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവേല്‍ ജെറോം ആണ് പ്രേമകുമാരിക്ക് ഒപ്പമുള്ളത്.
ഇന്ന് പുലര്‍ച്ചെയോടെയാണ് നിമിഷ പ്രിയയുടെ അമ്മ യമനിലേക്ക് യാത്ര തിരിച്ചത്. മുംബൈ വഴിയാണ് യാത്ര. മുംബൈയിൽ നിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. യെമൻ പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക. ഏദനിൽ നിന്ന് പിന്നീട് കരമാർഗം സനയിലേക്ക് പോകും. ഞായറാഴ്ചയോ, തിങ്കളാഴ്ചയോ ഇരുവരും സനയിലെ ജയിലിലെത്തി നിമിഷ പ്രിയയെ സന്ദർശിച്ചേക്കും.