നവകേരള സദസ്സിന് ആരോഗ്യ പ്രവർത്തകരെ നിയോഗിച്ച്‌ പഞ്ചായത്ത് ഉത്തരവ്; സമ്മർദ്ദത്തിന് പിന്നിൽ എം എൽ എയോ?

Written by Taniniram Desk

Published on:

നവകേരള സദസ്സിന് പ്രചാരണം നടത്താൻ ആരോഗ്യ വകുപ്പ് ജീവനക്കാരെ നിയോഗിച്ച്‌ പഞ്ചായത്ത് ഉത്തരവ്.
ആരോഗ്യ വകുപ്പ് ജീവനക്കാരെ മറ്റ് വകുപ്പുകളിലെ ഫീൽഡ് പ്രവർത്തനങ്ങൾക്കായി നിയോഗിക്കാൻ പാടില്ലെന്ന സർക്കാരിന്റെയും മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകൾ മറികടന്നാണ് വിതുര പഞ്ചായത്തിന്റെ ഉത്തരവ്.
വാർഡുകളിൽ സഞ്ചരിച്ച് കുടുംബയോഗങ്ങൾ സംഘടിപ്പിക്കാനും നവകേരള സംഘാടക സമിതികൾ രൂപീകരിക്കാനുമുള്ള കോർഡിനേറ്റർമാരായി നിയോഗിച്ചുകൊണ്ടാണ് പഞ്ചായത്തിന്റെ ഉത്തരവ്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ ഉത്തരവ് പുറത്തിറങ്ങിയത്.പഞ്ചായത്ത് ജീവനക്കാർക്ക് പുറമെ ആരോഗ്യം,കൃഷി,അംഗനവാടി എന്നിവയിലെ ജീവനക്കാരെ ഉൾപ്പെടുത്തി 17 പേരെയാണ് നവകേരള സദസ്സിന്റെ പ്രചരണത്തിനായി നിയോഗിച്ചിരിക്കുന്നത്. ഇതിൽ 7 പേർ വിതുര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരാണ്. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ കെ ശ്യാമള, എച്ച് എസ് ഗായത്രി, സ്മിത ,ടി ഷീല. ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ലിജു, സജി എന്നിവരെയാണ് നവകേരള സദസ്സിന്റെ കോർഡിനേറ്റർമാരായി നിയമിച്ചിരിക്കുന്നത്.ഇവർ വാർഡുകളിൽ പ്രചരണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്.

ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കേണ്ട ജീവനക്കാരെ മറ്റു വകുപ്പുകളിലെ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ പാടില്ലെന്ന് 2018 ലാണ് സർക്കാരും മനുഷ്യാവകാശ കമ്മീഷനും ഉത്തരവിറക്കിയത്. വിനിയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. എന്നാൽ ഉത്തരവുകൾ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് വിതുര പഞ്ചായത്ത് അധികൃതർ . പകർച്ച പനികൾ പകരുന്ന സാഹചര്യത്തിൽ പഞ്ചായത്തിന്റെ നടപടി വിവാദമായിട്ടുണ്ട്.

Leave a Comment