പട്ടാമ്പി: ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് മുതൽ തൃത്താല വെള്ളിയാങ്കല്ല് വരെ പൈതൃക ടൂറിസം സോണായി പ്രഖ്യാപിക്കണമെന്ന നിർദ്ദേശത്തിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അനുകൂല മറുപടി. അക്ഷരജാലകം സാംസ്‌കാരിക കൂട്ടായ്‌മയുടെ ചെയർമാൻ ഹുസൈൻ തട്ടത്താഴത്ത് ഡിസംബർ 1 ന് പട്ടാമ്പിയിൽ നടന്ന നവകേരള സദസ്സിലാണ് നിവേദനം നൽകിയത്. സ്ഥലം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നാണ് ടൂറിസം വകുപ്പ് നൽകിയ മറുപടി. ഭാരതപ്പുഴയുടെ തീരത്തുള്ള ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് തടയണ മുതൽ തൃത്താല വെള്ളിയാങ്കല്ല് പാലം വരെ പൈതൃക ടൂറിസം സോണായി പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഉതകുന്ന വികസന പദ്ധതികൾ നടപ്പാക്കുകയും ചെയ്യണമെന്ന നിർദ്ദേശം നടപ്പായാൽ ഭാരതപ്പുഴ നേരിടുന്ന കയ്യേറ്റവും മലിനീകരണവും തടയാൻ കഴിയും.
പട്ടാമ്പി, തൃത്താല അസംബ്ലി മണ്ഡലങ്ങളുടെ വികസന കുതിപ്പിനും ഇതിലൂടെ സാധ്യമാവും. കുടുംബ സമേതം വിശ്രമവേളകൾ ചെലവഴിക്കാൻ പട്ടാമ്പിയിൽ ഒരിടത്തും സൗകര്യമില്ല. പട്ടാമ്പി ടൗൺ പാർക്ക് നിർമ്മാണം പുരോഗമിക്കുന്നുണ്ടെങ്കിലും കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയില്ല. നീണ്ടുകിടക്കുന്ന നിളാതീരവും ചെങ്ങണാംകുന്നിലേയും വെള്ളിയാങ്കല്ലിലേയും ജലസമൃദ്ധിയും കിഴായൂർ തടയണയുമെല്ലാം വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഉതകുന്നതാണ്. രണ്ടു മണ്ഡലങ്ങളിലായി നീണ്ടുകിടക്കുന്ന ഈ മേഖല പൈതൃക ടൂറിസം സോണായി പ്രഖ്യാപിക്കുകയും വികസന പദ്ധതികൾ നടത്തുകയും ചെയ്താൽ ആയിരക്കണക്കിന് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും. അതിലൂടെ നിരവധി പേർക്ക് തൊഴിൽ അവസരങ്ങളും ലഭിക്കും. അതോടൊപ്പം വാണിജ്യ, വ്യാപാര മേഖലയിലും ഉണർവുണ്ടാവും.
പട്ടാമ്പിയിൽ സാഹസിക ടൂറിസത്തിനും സാധ്യത ഏറെയാണ്. പട്ടാമ്പി കിഴായൂർ നമ്പ്രം റോഡിൽ നിളയോരത്തുള്ള ഡമ്പിങ്ങ് സ്റ്റേഷൻ ഇതിന് ഉപയോഗിക്കാം. സൈക്ലിങ്, വാക്ക് വേ, മോട്ടോർ ഗ്ലൈഡിങ്, ബീച്ച് വോളി തുടങ്ങിയ വലിയ ടൂറിസം സാധ്യതയും ഈ പ്രദേശത്തിനുണ്ട്. ബസ്റ്റാന്റിന്റെ പിൻഭാഗത്ത് ഗാലറി പോലെ പടവുകൾ നിർമിച്ചാൽ നൂറുകണക്കിന് യാത്രക്കാർക്ക് അല്പനേരം ചെലവഴിക്കാനും നിളയുടെ കുളിര് ഏറ്റുവാങ്ങാനും കഴിയും. ഇവിടെ പുഴയിൽ മാലിന്യം തള്ളുന്നത് തടയാനും ഇതുമൂലം കഴിയും. കൊടുമുണ്ട തീരദേശ റോഡ് മുതൽ വെള്ളിയാങ്കല്ല് വരെ പുഴയുടെ അതിര് നിർണ്ണയിച്ച് ഗാലറി പോലെ പടവുകൾ നിർമിക്കുകയും ചാരു ബെഞ്ചുകളും അലങ്കാര വിളക്കുകളും സ്ഥാപിക്കുകയും ചെയ്താൽ ആയിരങ്ങളെ ആകർഷിക്കാൻ കഴിയും. ചെങ്ങണാംകുന്ന് മുതൽ വെള്ളിയാങ്കല്ല് വരെ ബോട്ടിംഗ് ഏർപ്പെടുത്തുകയുമാവാം. ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമുള്ള കച്ചവട സ്ഥാപനങ്ങളും കുട്ടികൾക്ക് കളിക്കാനുള്ള ചെറിയ ഉദ്യാനങ്ങളും ഒരുക്കാൻ കഴിയും. കുറ്റിപ്പുറം, തൃത്താല, പട്ടാമ്പി, ഷൊർണൂർ വരെയുള്ള നിർദ്ദിഷ്‌ട തീരദേശ റോഡ് കൂടി യാഥാർത്ഥ്യമായാൽ കൂടുതൽ നേട്ടമാവും.