തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ് നടത്തുന്നതിനെതിരായ ഹര്‍ജിയില്‍ നടപടിയുമായി ഹൈക്കോടതി. പാര്‍ക്ക് ഡയറക്ടര്‍ നാളെ നേരിട്ട് ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പാര്‍ക്കുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. നവകേരള സദസ്സിന്റെ ഒല്ലൂര്‍ മണ്ഡലത്തിലെ പൊതുയോഗം തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നടത്തുന്നത് ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി. ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്.
തൃശൂര്‍ സ്വദേശി ഷാജി ജെ. കോടങ്കണ്ടത്താണ് ഹര്‍ജി നല്‍കിയത്. നവകേരള സദസ്സ് സംഘടിപ്പിക്കുന്നത് വന്യജീവി സംരക്ഷണ നിയമം, വനസംരക്ഷണ നിയമം, മൃഗശാല ചട്ടങ്ങള്‍, കേന്ദ്ര സൂ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ലംഘനമാണെന്നു ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. യോഗം നടത്താന്‍ മറ്റ് ഒട്ടേറെ സ്ഥലങ്ങളുള്ളപ്പോള്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ സ്റ്റേജ് നിര്‍മാണം ഉള്‍പ്പെടെ നടക്കുകയാണ്. ഇത് ഏകപക്ഷീയമാണെന്നും കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് പാര്‍ക്ക് ഡയറക്ടര്‍ നാളെ നേരിട്ട് ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.