എ ഐ ക്യാമറ(AI Camera) വന്നതോടെ പലതരത്തിലുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുള്ളത്. ക്യാമറകണ്ണിൽ നിന്നും രക്ഷപെടാനായി ഓരോരുത്തരും വിവിധ മാർഗ്ഗങ്ങളാണ് സ്വീകരിക്കുക. ഗതാഗത നിയമ ലംഘനങ്ങൾ തടയാനായി സ്ഥാപിച്ച എഐ ക്യാമറയാണ് ഇപ്പോഴത്തെ വില്ലൻ എന്ന് പറയേണ്ടതില്ലല്ലോ..ഇപ്പോഴിതാ പുതിയൊരു ചിത്രമാണ് വൈറൽ ആയിരിക്കുന്നത്. ഒരു ബൈക്ക് യാത്രികന് ഒരു തലയും നാല് കാലും.
സംഗതി വേറൊന്നുമല്ല, ബൈക്ക് ഓടിക്കുന്നയാളുടെ കോട്ടിനുള്ളില്‍ തലയിട്ട് സഹയാത്രികന്‍ യാത്ര ചെയ്യുന്ന ദൃശ്യമാണിത്. എംവിഡിയുടെ(MVD) ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലാണ് കുറിപ്പിട്ടിരിക്കുന്നത്. “പാത്തും പതുങ്ങിയും നിർമ്മിത ബുദ്ധി ക്യാമറയെ പറ്റിക്കാൻ പറ്റിയേക്കാം. ജീവൻ രക്ഷിക്കാൻ ഈ ശീലം മാറ്റിയേ പറ്റൂ.” കുറിപ്പില്‍ എംവിഡി (MVD)വ്യക്തമാക്കുന്നു. ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് ബൈക്ക് ഉടമക്ക് എംവിഡി നോട്ടീസ് അയച്ചിട്ടുണ്ട്.
എംവിഡിയുടെ(MVD) ഫെയ്സ് ബുക്ക്(FB) കുറിപ്പ്:
“പാത്തും പതുങ്ങിയും നിർമിതബുദ്ധി ക്യാമറയെ പറ്റിക്കാൻ പറ്റിയേക്കാം. ജീവൻ രക്ഷിക്കാൻ ഈ ശീലം മാറ്റിയേ പറ്റൂ. തലയ്ക്ക് കാറ്റ് കൊള്ളിക്കരുതെന്ന ആരുടെയോ ഉപദേശം കേട്ട് കൂട്ടുകാരന്റെ ജാക്കറ്റിനകത്തു തല മൂടി പോയതാണ്. അല്ലാതെ വിചിത്ര ജീവി ഒന്നുമല്ല. പക്ഷേ, ക്യാമറ വിട്ടില്ല. കാലിന്റെ എണ്ണമെടുത്ത് കാര്യം പിശകാണെന്ന് പറഞ്ഞ് നോട്ടിസും വിട്ടു. കാലൻ എണ്ണമെടുക്കാതിരിക്കാനാ ക്യാമറ തൽക്കാലം കാലിന്റെ എണ്ണമെടുത്തത്. തല കുറച്ച് കാറ്റ് കൊള്ളട്ടെ. അൽപം വെളിവ് വരാൻ അതല്ലേ നല്ലത്?”-കുറിപ്പില്‍ പറയുന്നു.