ഇന്ന് ചന്ദ്രനെ അടുത്ത് കാണാം…

Written by Taniniram1

Published on:

വിഖ്യാത ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ ലോക പ്രശസ്തമായ ‘മ്യൂസിയം ഓഫ് മൂൺ’ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് എത്തും. മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തിൽ 23 അടി വ്യാസത്തിൽ തിളങ്ങുന്ന ചന്ദ്രബിംബത്തിന്റെ പ്രതിരൂപമാണിത്. നാസയിൽ നിന്നു ലഭിച്ച ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ പതിച്ച ഇന്‍സ്റ്റലേഷന്റെ പ്രതലമാണ് ഈ ചന്ദ്രനുള്ളത്.

നാസയുടെ ലൂണാര്‍ റെക്ക നൈസന്‍സ് ഓര്‍ബിറ്റര്‍ കാമറ പകര്‍ത്തിയ യഥാര്‍ഥ ചിത്രങ്ങള്‍ കൂട്ടിയിണക്കിയാണ് ലൂക് ജെറം ‘മ്യൂസിയം ഓഫ് ദി മൂണ്‍’ തയ്യാറാക്കിയിട്ടുള്ളത്. അഞ്ചു കിലോമീറ്റര്‍ ചന്ദ്രോപരിതലമാണ് ഇന്‍സ്റ്റലേഷന്റെ ഓരോ സെന്റീമീറ്ററിലും കാണുന്നത്. ചന്ദ്രദര്‍ശനത്തിന്റെ സ്വാഭാവികത തോന്നാന്‍ പ്രത്യേക ലൈറ്റുകള്‍ ഉപയോഗിച്ച് നിലാവ് സൃഷ്ടിക്കുന്നുണ്ട്. സാധാരണ കാണാന്‍ സാധിക്കാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവവും ഇതിലൂടെ അടുത്തറിയാന്‍ സാധിക്കും എന്ന പ്രത്യേകതയുമുണ്ട്.

തിരുവനന്തപുരത്ത് കനകക്കുന്നിൽ രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. കനകക്കുന്നിലെത്തുന്നവര്‍ക്ക് രാത്രി ഏഴ് മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 4-വരെ ചന്ദ്രനെ തൊട്ടടുത്ത് കാണാം.

ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ ‘മ്യൂസിയം ഓഫ് മൂൺ’ സ്ഥിരം പ്രദർശന വസ്തുവായിരിക്കും. ഇതിന്റെ പ്രിവ്യൂ ഷോയാണ് ഇന്ന് രാത്രിയിൽ നടക്കുക. ബാഫ്റ്റ പുരസ്‌കാരം നേടിയ സംഗീതജ്ഞൻ ഡാൻ ജോൺസ് ചിട്ടപ്പെടുത്തിയ സംഗീതവും പശ്ചാത്തലത്തിലുണ്ടാകും. യു.എസ് കോൺസൽ ജനറൽ ക്രിസ്റ്റഫർ ഹോഡ്‌ജസിന്റെ സാന്നിധ്യത്തിലാവും ‘മ്യൂസിയം ഓഫ് മൂൺ’ അരങ്ങേറുക.
ലൂക് ജെറോം കഴിഞ്ഞ ദിവസം കനകക്കുന്നിലെത്തി പ്രദര്‍ശന സ്ഥലം പരിശോധിച്ചിരുന്നു. വരും ദിവസങ്ങളിൽ തിരുവനന്തപുരം സി.ഇ.ടി, ഇന്റർനാഷണൽ സ്‌കൂൾ, പ്രിയദർശിനി പ്ലാനറ്റോറിയം എന്നിവിടങ്ങളിൽ അദ്ദേഹം സംസാരിക്കുന്നുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്ര പ്രദർശനമായ ഗ്ലോബൽ സയൻസ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് 2023 ഡിസംബർ 5 നു നടക്കുന്നതാണ് ‘മ്യൂസിയം ഓഫ് ദി മൂൺ’ പ്രിവ്യു. ശാസ്ത്രത്തിന്റെയും കലയുടെയും അതിമനോഹരമായ ഒത്തു ചേരലാണ് ലൂക്ക് ജെറാമിന്റെ ഈ സൃഷ്ടി. നാസയുമായി സഹകരിച്ച് തയാറാക്കിയിട്ടുള്ള ഈ പരിപാടി ആദ്യമായാണ് കേരളത്തിൽ എത്തുന്നത്.

Related News

Related News

Leave a Comment