തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദര്‍ഷിപ് സാന്‍ഫെര്‍ണാണ്ടോ വിഴിഞ്ഞം തീരത്തെത്തി. കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ആദ്യകപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കി തീരത്ത് സ്വീകരിച്ചു. ചെണ്ട കൊട്ടിയും ദേശീയപതാക വീശിയുമാണ് പ്രദേശവാസികള്‍ കപ്പലിനെ ആവേശത്തോടെ സ്വീകരിച്ചു. ഭീമാകാരനായ മദര്‍ഷിപ്പിന്റെ നിയന്ത്രണം തുറമുഖത്തിന്റെ ക്യാപ്റ്റന്‍ ഏറ്റെടുത്തു. രാവിലെ ഏഴരയോടെ കപ്പല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയില്‍നിന്നു പുറപ്പെട്ടിരുന്നു. കപ്പലിനെ സ്വീകരിക്കാനായി ഔട്ടര്‍ ഏരിയയിലേക്ക് പോയ ടഗ് ബോട്ടുകള്‍ക്കൊപ്പമാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിയത്. തുറമുഖത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ടഗിലുണ്ടായിരുന്നു.
ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്‍ഡോയെന്ന കപ്പലാണ് വിഴിഞ്ഞത്തേക്ക് കണ്ടെയ്നറുകളുമായി എത്തുന്നത്. കപ്പലില്‍നിന്ന് 2000 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുന്നത്.
പൂര്‍ണതോതില്‍ ചരക്കുനീക്കം നടക്കുന്ന തരത്തിലുള്ള ട്രയല്‍റണ്ണാണ് ഇന്ന് തുടങ്ങുന്നത്. രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമാണ് വിഴിഞ്ഞത്ത് യാഥാര്‍ഥ്യമാകുന്നത്. പിപിപി മാതൃകയില്‍ 7700 കോടിയുടെ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയാണിത്.
നാളെ രാവിലെ 10-ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചരക്കുകപ്പലിന് ഔദ്യോഗികസ്വീകരണം നല്‍കും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുക്കും. ചൈനയില്‍ നിന്നെത്തിക്കുന്ന കണ്ടെയ്നറുകള്‍ അടുത്ത ദിവസങ്ങളില്‍ തുറമുഖത്തെത്തുന്ന കപ്പലുകളില്‍ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും. ട്രയല്‍ റണ്ണിന്റെ ഭാഗമായി സെപ്റ്റംബര്‍വരെ തുടര്‍ച്ചയായി ചരക്കുകപ്പലുകള്‍ എത്തും. മൂന്നുമാസത്തിനുള്ളില്‍ തുറമുഖത്തിന്റെ വാണിജ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കും.