Friday, April 4, 2025

മൂവാറ്റുപുഴ കൈവെട്ട് കേസ്: ഒന്നാം പ്രതി സവാദ് 13 വർഷത്തിനുശേഷം പിടിയിൽ

Must read

- Advertisement -

ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂർ നൂലേലി മുടശേരി സവാദ് (38) കണ്ണൂരിൽ പിടിയിൽ. ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) സവാദിനെ പിടികൂടിയത്. ഇന്നലെ വൈകിട്ട് കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് സവാദ് എൻഐഎയുടെ വലയിലായതെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. മുഖ്യപ്രതി പിടിയിലായതിനെ പൗരൻ എന്ന നിലയിൽ നിയമവ്യവസ്ഥയുടെ വിജയമായി കാണുന്നുവെന്ന് പ്രഫ.ടി.ജെ. ജോസഫ് പ്രതികരിച്ചു. ഇരയെന്ന നിലയിൽ തനിക്ക് ഇതിൽ പ്രത്യേകിച്ച് ഒരു ഭാവവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

“പൗരൻ എന്ന നിലയിൽ നിയമവ്യവസ്ഥയുടെ വിജയമായി കാണുന്നു”

പ്രഫ.ടി.ജെ. ജോസഫ്

കേസിൻ്റെ നാൾവഴി..

കുറ്റകൃത്യം നടന്ന 2010 ജൂലൈ 4നു ആലുവയിൽ നിന്നു സവാദ് ബെംഗളൂരുവിലേക്കു കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ 13 വർഷം രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായിരുന്നില്ല. സവാദിനെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന് കരുതിയിരിക്കെയാണ് കണ്ണൂരിൽനിന്ന് ഇയാൾ പിടിയിലായത്. കേരള പൊലീസ് അന്വേഷിച്ചിരുന്ന കേസ് 2011 മാർച്ചിലാണ് എൻഐഎ ഏറ്റെടുത്തത്.

സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്കാണ് ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ വർഷം മാർച്ചിൽ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക 10 ലക്ഷമാക്കി ഉയർത്തിയത്. 54 പ്രതികളുള്ള കേസിൽ മറ്റുപ്രതികളുടെ വിചാരണ പൂർത്തിയാക്കി. ഒന്നാംഘട്ടത്തിൽ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വിട്ടയച്ചിരുന്നു.

സവാദിനെ വിദേശത്തു കണ്ടതായുള്ള രഹസ്യവിവരത്തെ തുടർന്ന് എൻഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. നയതന്ത്രപാഴ്സൽ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതികളിൽ ഒരാളും ദുബായിയിൽ സവാദിനെ കണ്ടതായി മൊഴി നൽകിയിരുന്നു. ഇന്ത്യൻ ചാരസംഘടനയായ റോയുടെ ഏജന്റുമാരുള്ള പാക്കിസ്ഥാൻ, ദുബായ് എന്നിവിടങ്ങളിൽ‌ സവാദിനെ കണ്ടെത്താനായി അരിച്ചുപെറുക്കിയിരുന്നു. അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും എൻഐഎ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സവാദ് സിറിയയിലേക്കു കടന്നതായി പ്രചാരണമുണ്ടായെങ്കിലും അതിനും തെളിവു ലഭിച്ചില്ല.

കുറ്റകൃത്യം നടന്ന ദിവസം സവാദിനെ അവസാനമായി കണ്ടതു കേസിൽ കഴിഞ്ഞ വർഷം ശിക്ഷിക്കപ്പെട്ട കൂട്ടുപ്രതി സജിലായിരുന്നു. അധ്യാപകന്റെ കൈവെട്ടാൻ ഉപയോഗിച്ച മഴുവുമായാണു സവാദ് അന്നു കടന്നുകളഞ്ഞത്. ക്രൈംബ്രാഞ്ചിനും എൻഐഎക്കും ഈ മഴുവും ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ആക്രമണത്തിനിടയിൽ സവാദിനു ചെറിയതോതിൽ പരുക്കേറ്റിരുന്നു. പരുക്കുമായി സവാദ് ആലുവ വരെ എത്തിയതിനു തെളിവുണ്ടെങ്കിലും അവിടെ നിന്ന് എങ്ങോട്ടാണു നീങ്ങിയതെന്നു സംഘത്തിലെ മറ്റുള്ളവർക്കും അറിയില്ലായിരുന്നു.

ബെംഗളൂരുവിൽ സവാദ് ചികിത്സ തേടിയ നഴ്സിങ് ഹോമിൽ നിന്നു കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് അന്നു പുറത്തുവന്ന വാർത്ത. എന്നാൽ അന്നത്തെ അന്വേഷണ സംഘം ഇക്കാര്യം നിഷേധിച്ചിരുന്നു.

See also  തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് വീണ്ടും ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി…

അന്ന് സംഭവിച്ചത്…

2010 ജൂലൈ 4-ന് മൂവാറ്റുപുഴയിലെ നിർമ്മല കോളേജിനടുത്തുവച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസറായിരുന്ന ടി.ജെ. ജോസഫ് എന്നയാളുടെ വലത് കൈപ്പത്തി, മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ പ്രവർത്തകർ വെട്ടിമാറ്റുകയുണ്ടായി. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിർമലമാതാ പള്ളിയിൽ നിന്ന് പരിശുദ്ധ കുർബാന കഴിഞ്ഞ് മടങ്ങവെയായിരുന്നു ഈ ആക്രമണം. വാനിൽ എത്തിയ ആറംഗ സംഘത്തിലെ രണ്ടുപേർ ചേർന്ന് അധ്യാപകൻറെ കൈപ്പത്തി റോഡിൽ അമർത്തിപ്പിടിച്ചപ്പോൾ ഒന്നാം പ്രതിയായ സവാദ് കയ്യിൽ കരുതിയിരുന്നു മഴു ഉപയോഗിച്ച് കൈക്കുഴയ്ക്ക് വെട്ടുകയും ഒറ്റ വെട്ടിന് അറ്റുപോയ കൈപ്പത്തി സമീപത്തെ പറമ്പിലേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. അധ്യാപകൻ തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചകനിന്ദയുണ്ടെന്ന്‌ ആരോപിച്ചായിരുന്നു അത്യന്തം നിന്ദ്യമായ ഈ ആക്രമണം.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article