ആർക്ക് മറക്കാനാവും മോനിഷയെ? പോയി വർഷങ്ങളിത്ര കഴിഞ്ഞിട്ടും ശാലീനമായ മുഖവും മനോഹരമായ ചിരിയുമായി പ്രേക്ഷകമനസ്സുകളിലെ വലിയ സ്ക്രീനിൽ മോനിഷ ഇന്നും നിറഞ്ഞു നിൽക്കുന്നു. 1992 ഡിസംബർ 5നാണ് മലയാളികളുടെ പ്രിയനടിയെ വിധി നിർദാക്ഷിണ്യം തട്ടിയെടുത്തത്. ആ വിയോഗം സംഭവിച്ച് മുപ്പത്തിയൊന്ന് ആണ്ടുകൾ പൂർത്തിയാകുമ്പോൾ പെയ്ത് തോരാത്ത ഓർമ്മകൾ മലയാളികളുടെ മനസ്സിൽ ഇന്നും തീരാനൊമ്പരമാവുന്നു.
കുടുംബ സുഹൃത്തും പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായ എംടി വാസുദേവൻ നായരാണ് മോനിഷയ്ക്ക് വെള്ളിത്തിരയിലേക്കുള്ള വഴി തെളിയിച്ചത്. എംടിയുടെ കഥയിൽ ഹരിഹരൻ സംവിധാനം നിർവഹിച്ച ‘നഖക്ഷത’ങ്ങളാണ് ആദ്യ ചിത്രം. ത്രികോണ പ്രണയകഥയുമായി 1986ൽ പ്രദർശനത്തിന് എത്തിയ ഈ ചിത്രത്തിൽ കൂടി മോനിഷക്ക് ഉർവ്വശി പട്ടം സ്വന്തമാക്കാൻ സാധിച്ചു.
ജീവൻ തുടിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചാണ് മോനിഷ യാത്രയായത്. പെരുന്തച്ചൻ, കടവ്, കമലദളം, ചമ്പക്കുളം തച്ചൻ, കുടുംബസമേതം തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചു.1992 ഡിസംബർ 5-ന് ‘ചെപ്പടിവിദ്യ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മോനിഷയും അമ്മയും സഞ്ചരിക്കുകയായിരുന്ന കാർ ആലപ്പുഴക്കടുത്തുള്ള ചേർത്തലയിൽ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. തലച്ചോറിലെ പരിക്കുമൂലം മോനിഷ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. അങ്ങനെ ഡിസംബറിന്റെ തീരാ നോവായി മലയാളികളുടെ മനസ്സിൽ കൂർത്ത നഖക്ഷതമേൽപ്പിച്ച് മരണം മോനിഷയെ തട്ടിയെടുത്തു.
വർഷങ്ങൾ 31 കടന്നുപോയിരിക്കുന്നു. കാലത്തിന്റെ ഓർമ്മകളിൽ മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി മലയാളി മനസ്സിലിന്നും മോനിഷ നിറഞ്ഞു നിൽക്കുമ്പോൾ മനസ്സിലേക്കോടിയെത്തുന്നത് പ്രശസ്ത സാഹിത്യകാരൻ എംടിയുടെ വാക്കുകളാണ്. “മോനിഷ നമ്മെ മതിമറപ്പിക്കും വിധം പ്രതിഭ കൊണ്ടു ഭ്രമിപ്പിച്ച നക്ഷത്ര കുഞ്ഞാണ്”. അതെ അവർ ഓരോ പ്രേക്ഷകന്റെ മനസ്സിലും ഒരിക്കലും പൊലിയാത്ത ജ്വലിക്കുന്ന നക്ഷത്രകുഞ്ഞായി എന്നെന്നും ജീവിക്കുന്നു.