സ്വാമി വിവേകാനന്ദന്‍റെ ഏറ്റവും വലിയ പ്രതീക്ഷ രാജ്യത്തെ യുവാക്കളായിരുന്നുവെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. രാജ്യത്തെ യുവതയുടെ കരുത്തിൽ തന്നെയാണ് വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടന്നടുക്കുന്നെതന്നും കേന്ദ്രമന്ത്രി പറഞ്ഞു. കാവുഭാഗം ദേവസ്വം ഹയർസെക്കണ്ടറി സ്കൂളിൽ യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം ഹൈന്ദവ ധർമത്തിന്‍റെ സാരാംശം തിരിച്ചറിഞ്ഞത് സ്വാമി വിവേകാനന്ദനിലൂടെയാണ്. രാജ്യത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ജനത വളർന്നുവരണമെന്ന് സ്വാമി വിവേകാന്ദനൻ ആഗ്രഹിച്ചു. ഇന്ത്യയുടെ നവോത്ഥാന പ്രകിയയ്ക്ക് തുടക്കം കുറിച്ചത് വിവേകാനന്ദനാണ്. അദ്ദേഹത്തിന്‍റെ ചിന്താധാരകൾക്ക് പ്രസക്തിയേറുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ബ്രിട്ടീഷ് ഇന്ത്യ നടപ്പാക്കിയ പരിഷ്കാരങ്ങളും പേറിയാണ് സ്വാതന്ത്ര്യത്തിന് ശേഷവും അറുപത് വർഷത്തോളം രാജ്യം മുന്നോട്ടുപോയത്. സ്വാതന്ത്ര്യം ഭരിക്കാനുള്ള അധികാരം മാത്രമല്ലെന്നും പാരമ്പര്യവും സംസ്കാരവും പുനരുജീവിപ്പിക്കാനുള്ള അവസരംകൂടിയാണെന്നും തെളിയിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. സ്വാമി വിവേകാനന്ദന്‍റെ ദർശനങ്ങൾ നടപ്പാക്കുയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.