മുത്താരമ്മൻകോവിൽ എച്ച്.എസ്.എസിന് പുതിയ സെമിനാർ ഹാളും ലൈബ്രറിയും മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

Written by Taniniram Desk

Published on:

ബാലരാമപുരം കോട്ടുകാൽക്കോണം മുത്താരമ്മൻ കോവിൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നിർമിച്ച പുതിയ സെമിനാർ ഹാളിന്റെയും ആധുനിക രീതിയിലുള്ള ലൈബ്രറിയുടെയും റെക്കോർഡ് മുറിയുടെയും ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.

ഉൾക്കൊള്ളൽ, ഗുണമേന്മ, നൂതനത്വം എന്നിവയിൽ ഊന്നൽ നൽകുന്നതാണ് കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായമെന്ന് മന്ത്രി പറഞ്ഞു. ഓരോ കുട്ടിക്കും അവരുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ ഗുണനിലവാരമുള്ള പഠനത്തിനുള്ള സാധ്യത ഉറപ്പാക്കുന്നു. സ്‌കൂൾ അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ ക്ലാസ് മുറികൾ, അധ്യാപക പരിശീലനം എന്നിവയിലെ നിക്ഷേപങ്ങൾക്ക് സർക്കാർ മുൻഗണന നൽകി, വിദ്യാർത്ഥികൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥതി വിദ്യാഭ്യാസം , ആരോഗ്യം, ക്ഷേമം, സാങ്കേതിക വിദ്യ എന്നിവയ്ക്കുൾപ്പെടെ കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പ്രധാന്യമുണ്ട്. സർഗ്ഗാത്മകത, വിമർശനാത്മക ചിന്ത, പ്രശ്നപരിഹാര നൈപുണ്യങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിനാണ് നമ്മുടെ പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്, അതേ സമയം സഹാനുഭൂതി, വൈവിധ്യത്തോടുള്ള ആദരവ്, പാരിസ്ഥിതിക കാര്യനിർവഹണം തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ടെക്‌നോപാർക്കിലെ ക്യുബസ്റ്റ് ടെക്‌നോളജീസിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹയർസെക്കണ്ടറി വിഭാഗം സെമിനാർ ഹാളും ലൈബ്രറിയും റെക്കോർഡ് മുറിയും പണിതത്.

സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.വിൻസെന്റ് എം.എൽ.എ അധ്യക്ഷനായിരുന്നു. ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ, വാർഡ് മെമ്പർ കോട്ടുകാൽക്കോണം സുനിൽകുമാർ, ഡിഇഒ ഇബ്രാഹിം .ബി, ക്യുബസ്റ്റ് ടെക്‌നോളജീസ് സീനിയർ മാനേജർ സന്തോഷ് കുമാർ വി.എ, പ്രിൻസിപ്പാൾ ശ്രീകുമാരി എസ്.എസ് എന്നിവരും പങ്കെടുത്തു.

Related News

Related News

Leave a Comment