തിരുവനന്തപുരം ∙ ദീർഘദൂര സർവീസിനായി സ്കാനിയ പോലെയുള്ള ആഡംബര ബസുകൾ വാങ്ങുമ്പോൾ അതിൽ ശുചിമുറി ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു. വൃത്തിയുള്ള ശുചിമുറിയോടു കൂടിയ ഹോട്ടലുകളിലേ ഭക്ഷണത്തിനായി ബസുകൾ നിർത്താൻ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു.
രാവിലെ 9 മണിയോടെ മന്ത്രി ഓഫിസിലെത്തി ചുമതലയേറ്റു. നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ നിർത്തുമെന്ന് അദ്ദേഹം പറഞ്ഞു. സർവീസ് ലാഭത്തിലാക്കാൻ സമയക്രമത്തിലും റൂട്ടിലും മാറ്റം വരുത്തും. നഷ്ടമാണെങ്കിൽ നിർത്തും. എല്ലായിടത്തും സർവീസ് എത്തിക്കാൻ സ്വകാര്യബസുകൾക്ക് അവസരമൊരുക്കും
ബസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന ആക്രിയും പഴയ പേപ്പറും വിൽക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഉപയോഗമില്ലാതെ കിടക്കുന്ന ബോട്ടുകൾ വിൽക്കാൻ ജലഗതാഗത വിഭാഗത്തോടും നിർദേശിച്ചു. ഡ്രൈവിങ് ടെസ്റ്റുകൾ കർശനമാക്കും. ഇതിനു കൊണ്ടുവരുന്ന വാഹനങ്ങളിൽ ക്യാമറ ഉറപ്പാക്കും.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. കെടിഡിഎഫ്സിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ പാക്കേജ് തയാറാക്കി അടുത്തയാഴ്ച മുഖ്യമന്ത്രിയുടെ അനുമതി തേടും. ബസ് സ്റ്റാൻഡുകളിൽ ശുചിമുറിക്ക് പ്രത്യേക ഡിസൈൻ കൊണ്ടുവരും. വൃത്തിയാക്കാൻ പ്രത്യേക വിഭാഗത്തിനു ചുമതല നൽകും.
ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. അതിനിടയിൽ പരിപാടി ഉദ്ഘാടനം ചെയ്തു നടക്കാൻ സമയമില്ലെന്നും അതിനായി ക്ഷണിക്കരുതെന്നും മന്ത്രി പറഞ്ഞു. ഷാളും പൂച്ചെണ്ടും ഹാരവും സ്വീകരിക്കില്ല. പാവപ്പെട്ട കുട്ടികൾക്കു നൽകാൻ സ്കൂൾ ബാഗും ബുക്കുകളും തന്നാൽ സ്വീകരിക്കും. സ്റ്റേജിൽ മന്ത്രിക്കു പ്രത്യേക കസേരയിടരുത്. സ്വാഗതപ്രസംഗം നീട്ടരുത്. പാർട്ടിക്കാർ മന്ത്രി ഓഫിസിലേക്ക് അധികം വരേണ്ടതില്ല. അവരെ ചൊവ്വാഴ്ച രാവിലെ 9 മുതൽ 11വരെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിൽ കാണുമെന്നും മന്ത്രി പറഞ്ഞു.