കൊച്ചി: ആഘോഷമായി കൊച്ചി മെട്രോയുടെ ക്രിസ്മസ് പരിപാടി മെറി മെട്രോ 2023. മെഗാ കരോൾ ഗാനമത്സരത്തിനുശേഷം കൈനിറയെ സമ്മാനങ്ങളുമായി മെട്രോ യാത്രക്ക് സാന്റയുമെത്തി. വരും ദിവസങ്ങളിൽ കൊച്ചി മെട്രോയിലും വാട്ടർ മെട്രോയിലും സമ്മാനങ്ങളുമായി മെട്രോ സാന്റയെത്തും. കൊച്ചി വൺ ആപ് വഴിയും വ്യാഴാഴ്ച മുതൽ ഗ്രൂപ് ബുക്കിങ് സൗകര്യം ലഭ്യമാക്കി. മെട്രോ സാന്റയാണ് ഗ്രൂപ് ബുക്കിങ് ഉദ്ഘാടനം ചെയ്തത്. മൊബൈൽ ക്യു.ആർ ഗ്രൂപ് ബുക്കിങ് ഉപയോഗിച്ച് യാത്രചെയ്ത സാന്താക്ലോസിനെ കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ജെ.എൽ.എൻ സ്റ്റേഡിയം സ്റ്റേഷനിൽ സ്വാഗതം ചെയ്തു.
സാന്റക്കൊപ്പം ലോക്നാഥ് ബെഹ്റയും മെട്രോയിൽ യാത്ര ചെയ്തു. കുടുംബത്തോടും സുഹൃത്തുക്കൾക്കൊപ്പവും യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് കൗണ്ടറിൽ കാത്തുനിൽക്കാതെ കൊച്ചി വൺ ആപ് വഴി ഒരേസമയം ആറ് ടിക്കറ്റുവരെ ബുക്ക് ചെയ്യാനാകുമെന്ന് ബെഹ്റ അറിയിച്ചു. ടിക്കറ്റുകൾ പൂർണമായി ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി. ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓരോ യാത്രക്കും 10 ശതമാനം ഇളവും ലഭിക്കും.
മെറി മെട്രോ 2023ന്റെ ഭാഗമായ പുൽക്കൂട് നിർമാണ മത്സരവും ക്രിസ്മസ് ട്രീ അലങ്കാര മത്സരവും വ്യാഴാഴ്ച ആലുവ, പാലാരിവട്ടം, ഇടപ്പള്ളി, കടവന്ത്ര, എളംകുളം സ്റ്റേഷനുകളിൽ നടക്കും.