പ്രശസ്ത സിനിമ-സീരിയൽ-നാടക നടൻ എംസി ചാക്കോ എന്ന എംസി കട്ടപ്പന (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
1977-ൽ ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്സിന്റെ ‘പുണ്യതീർത്ഥം തേടി’ എന്ന പ്രൊഫഷണൽ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് മുപ്പതോളം നാടകങ്ങളിൽ വേഷമിട്ടു. കാഴ്ച, അമൃതം, പകല്, പളുങ്ക്, മധുചന്ദ്രലേഖ തുടങ്ങി നിരവധി സിനിമകളിലും 25 ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തനരംഗത്തും സജീവമായിരുന്നു.
2007-ൽ കൊല്ലം അരീനയുടെ ‘ആരും കൊതിക്കുന്ന മണ്ണ്’ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു. സംഗീത നാടക അക്കാദമിയുടെ ‘അഭിനയശ്രീ’ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഭാര്യ: സാറാമ്മ. മക്കൾ: ഷീജ, ബോബൻ. സംസ്കാരം നാളെ രാവിലെ 9.30ന് കട്ടപ്പന സെൻറ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ നടക്കും.