തൃശൂർ: നിർണായകമായ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്നും എല്ലാവരും ഇന്ത്യൻ നാഷണൽ കോൺഗ്രസിനൊപ്പം (INC)നിൽക്കണമെന്നും എഐസിസിAICC) അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ(Mallikarjuna Kharge). പതിനായിരങ്ങളെ അണിനിരത്തി തൃശൂരിൽ നടത്തിയ മഹാജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാജനസഭയോടെ കോൺഗ്രസിൻ്റെ (Congress)സംസ്ഥാനത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമായി.
ഒരു ലക്ഷത്തോളം പ്രവർത്തകരെ അണിനിരത്തിയാണ് തൃശൂർ തേക്കിൻകാട് മൈതാനത്ത് കോൺഗ്രസ് മഹാജനസഭ(Mahajanasabha) സംഘടിപ്പിച്ചത്. ഓരോ ബൂത്തുകളിൽ നിന്നും 3 വീതം ഭാരവാഹികളും മണ്ഡലം മുതൽ എഐസിസി തലം വരെയുള്ള കേരളത്തിൽ നിന്നുള്ള ഭാരവാഹികളും സമ്മേളനത്തിൽ അണിനിരന്നു. ഇ ഡി, സി ബി ഐ, ഇൻകം ടാക്‌സ് തുടങ്ങി സകല അന്വേഷണ ഏജൻസികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഉപയോഗിച്ച് കേന്ദ്രസർക്കാർ പ്രതിപക്ഷനേതാക്കളെ വേട്ടയാടുകയാണ്. സംഘപരിവാർ ബന്ധം മാത്രമാണ് ഉന്നത പദവികളിലേക്കുള്ള മാനദണ്ഡം. ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ നമ്മൾ ഒന്നാകണം. സംസ്ഥാനം നേരിടുന്ന എല്ലാ വിഷയവും കോൺഗ്രസ് മനസിലാക്കുന്നു. കേരളം ആഗ്രഹിക്കുന്നത് നൽകാൻ കോൺഗ്രസിനാവും. വെല്ലുവിളികൾ ഉണ്ടായിരുന്നപ്പോഴും ഐക്യജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ അനേകം നേട്ടങ്ങൾ കേരളം സ്വന്തമാക്കിയെന്ന് ഖാർഗെ പറഞ്ഞു.
കെ. കരുണാകരന്റെ(K Karunakaran) വാക്കിന് വലിയ വില കോൺഗ്രസ് എന്നും നൽകിയിരുന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങളെ ഓർക്കാതെ ഇവിടെ സംസാരിക്കാൻ പറ്റില്ല. കേരളത്തിൽ അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാരുകൾ വികസനം മാത്രമായിരുന്നു ലക്ഷ്യം വെച്ചത്. പ്രിയങ്കരനായ ഉമ്മൻചാണ്ടി(Ummenchandy) ഈ നാടിനെ ചേർത്തുപിടിച്ചതിന്റെ തെളിവാണ് ജനസമ്പർക്ക പരിപാടി. രാജ്യത്തെ ഒരു മുഖ്യമന്ത്രിമാർക്കും നേടാനാവാത്ത നേട്ടം നേടിയ അദ്ദേഹത്തെ ഓർത്ത് ഇന്നും അഭിമാനമാണ്. ഈ രാജ്യത്ത് കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒരു കർഷകൻ പോലും ദുരിതത്തിലാവില്ല. രാജ്യത്ത് വികസനവും, ക്ഷേമവും, സമൃദ്ധിയും കോൺഗ്രസ് കൊണ്ടുവരും എന്നും ഖാർഗെ കൂട്ടിച്ചേർത്തു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ(K Sudhakaran) അധ്യക്ഷത വഹിച്ച മഹാജന സഭയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ(K C Venugopal), പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ(V D Satheesan), കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് സമിതി യോഗത്തിലെ പ്രധാന തീരുമാനങ്ങൾ
തൃക്കാക്കര, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം സ്ഥാനാർഥിയെ പ്രഖ്യാപിച്ച അതേ രീതി ലോക്സഭാ തിരഞ്ഞെടുപ്പിലും തുടരാനാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം തീരുമാനിച്ചത്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം.പിയായ കണ്ണൂരിലും സി.പി എമ്മിന്റെ സിറ്റിംഗ് സീറ്റായ ആലപ്പുഴയിലും ഒഴികെ നിലവിലെ സിറ്റിങ് എം.പിമാർ തന്നെ മത്സരിക്കാനാണ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ധാരണയായത്. ഈ സീറ്റുകളിലേക്ക് സ്ഥാനാർഥിയെ കണ്ടെത്താൻ 4 അംഗ ഉപസമിതിയെ ചുമതലപ്പെടുത്തി. കെ സുധാകരൻ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, എം എം ഹസൻ എന്നിവയാണ് സമിതി അംഗങ്ങൾ. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ മത്സരിക്കണമെന്ന ആഗ്രഹം നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിക്കും.