തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ വീട്ടുപടിക്കലേക്കു മഹിള മോർച്ച നേതാക്കൾ കടന്നു കയറിയത് ആഭ്യന്തര വകുപ്പിൽ ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്. ജയാ രാജീവിന്റെ നേതൃത്വത്തിൽ അഞ്ചോളം പ്രവർത്തകരാണ് ഡിജിപി യുടെ വീട്ടിലേക്ക് ചാടിക്കയറി പ്രതിഷേധിച്ചത്.
പോലീസ് സുരക്ഷ മറികടന്നായിരുന്നു പ്രതിഷേധം. ഈ സമയം ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ് വീട്ടിലുണ്ടായിരുന്നു. പ്രതിഷേധക്കാർ എത്തിയ സമയം ആവശ്യത്തിന് വനിതാ പോലീസ് സുരക്ഷാ ഉദ്യോഗസ്ഥർ ഡിജിപിയുടെ വസതിയിൽ ഇല്ലായിരുന്നു. പിന്നീട് മ്യൂസിയം പോലീസ് കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെ എത്തിച്ചാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ നേരത്തെ പ്രതിയാക്കപെട്ടയാൾ ഡിവൈഎഫ്‌ഐ നേതാവായിരുന്നു. ഈ രാഷ്ട്രീയ പശ്ചാത്തലം കൊണ്ട് തന്നെ കേസ് അട്ടിമറിക്കപ്പെടുമെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. എന്നാൽ ഈ ആരോപണ൦ ശരി വെയ്ക്കുന്ന തലത്തിലേക്കാണ് പിന്നീട് കാര്യങ്ങൾ നീങ്ങിയത്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചകളാണ് പുറത്തു വന്നിരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായ ഇടപെടലുകൾ ഉണ്ടായതായി സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണം ഇതിനോടകം ഉണ്ടായിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പോലീസിനെതിരെ വ്യാപകമായ പ്രതിഷേധത്തിന് സാധ്യത ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നവ കേരള സദസ്സുമായി ബന്ധപെട്ട് യാത്രയിൽ ആയതിനാൽ സ്വാഭാവികമായും ക്രമാസമാധാനപാലന ചുമതലയുള്ള ഡിജിപിയ്ക്കു നേർക്കാകും പ്രതിഷേധക്കാരുടെ ലക്‌ഷ്യം. എന്നാൽ ഇത് മുൻകൂട്ടി കാണാൻ കഴിയാതെ വീഴ്ച സംഭവിച്ചത് അന്വേഷിക്കുമെന്നാണ് സൂചന.
എന്നാൽ സമാധാനപരമായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവർത്തകരുടെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു എന്ന് ബിജെപി ആരോപിക്കുന്നു. സുരക്ഷാ വീഴ്ചയുണ്ടായതിനെ തുടർന്ന് ഡിജിപിയുടെ വസതിയുടെ സുരക്ഷാ ചുമതല റാപ്പിഡ് റെസ്പോൺസ് ടീം ഏറ്റെടുത്തു.