‘പണമില്ലാത്തതിനാൽ ഇൻഷുറൻസ് എടുത്തില്ല’

Written by Taniniram Desk

Published on:

മന്ത്രിയുടെ സഹായവും ലഭിച്ചില്ല

തൊടുപുഴ (ഇടുക്കി)∙ മന്ത്രി പറഞ്ഞത്ര സഹായം ലഭിച്ചില്ലെന്ന് തൊടുപുഴയിലെ കുട്ടികർഷകരായ മാത്യുവും ജോർജും. കാലിത്തൊഴുത്ത് പണിതു നൽകാമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞിരുന്നു. തൊഴുത്തിന് ആറുലക്ഷത്തോളം രൂപ ചെലവായി. മിൽമ നൽകിയത് 1.50 ലക്ഷം രൂപ മാത്രമാണെന്നും കുട്ടികർഷകർ വ്യക്തമാക്കി. പണമില്ലാത്തതിനാലാണ് കന്നുകാലികൾക്ക് ഇൻഷുറൻസ് എടുക്കാതിരുന്നതെന്നും അവർ പറഞ്ഞു.

വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നി (15) എന്ന പത്താംക്ലാസുകാരൻ വളർത്തിയ പശുവും കിടാവും മൂരിയും ഉൾപ്പെടെ 13 കന്നുകാലികളാണു ഭക്ഷ്യവിഷബാധ മൂലം കഴിഞ്ഞ ദിവസം ചത്തത്. അമ്മ ഷൈനിയും ചേട്ടൻ ജോർജും അനുജത്തി റോസ്മേരിയും ഉൾപ്പെട്ട മാത്യുവിന്റെ കുടുംബത്തിന്റെ ഏക ഉപജീവനമാർഗവുമായിരുന്നു ഈ കന്നുകാലികൾ.

അത്യാഹിതം കണ്ടു തളർന്നു വീണ മാത്യുവിനെയും ഷൈനിയെയും റോസ്മേരിയെയും ഞായറാഴ്ച രാത്രി മൂലമറ്റത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. ഇന്നലെ ഇവർ വീട്ടിലേക്കു മടങ്ങി. മൂന്നു വർഷം മുൻപു പിതാവ് ബെന്നിയുടെ മരണശേഷമാണ് മാത്യു കന്നുകാലികളുടെ പരിപാലനം ഏറ്റെടുത്തത്. തീറ്റയായി നൽകിയ കപ്പത്തൊണ്ടിലെ സയനൈഡ് വിഷമാണു കന്നുകാലികളുടെ മരണകാരണമെന്നു ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ജെസി സി.കാപ്പന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.

See also  ഗുഡ്‌സ് ഓട്ടോയിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം…

Related News

Related News

Leave a Comment