പൊലീസ് ആസ്ഥാനത്തേക്കുള്ള കെഎസ്‌യു മാർച്ചിൽ സംഘർഷം

Written by Taniniram Desk

Published on:

ജലപീരങ്കി; പൊലീസിനുനേരെ മുളകുപൊടി പ്രയോഗം

തിരുവനന്തപുരം∙ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെഎസ്‌യുവിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്തേക്കു നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലേ, പൊലീസ് ലാത്തി വീശീ പ്രവർത്തകരെ അടിച്ചോടിച്ചു. റോഡിൽ വീണ പ്രവർത്തകരെ വളഞ്ഞിട്ടു തല്ലി. പൊലീസിനു നേരെ മുളകുപൊടി എറിഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കെപിസിസി ആസ്ഥാനത്തുനിന്നാണ് കെഎസ്‌യു മാര്‍ച്ച് ആരംഭിച്ചത്. വഴിയിലുണ്ടായിരുന്ന നവകേരള സദസിന്റെ ബോർഡുകൾ പ്രവർത്തകർ തകര്‍ത്തു. മാത്യു കുഴൽ നാടൻ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തതിനുശേഷം സംഘർഷം ആരംഭിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ഒരുങ്ങിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലേ ലാത്തി ചാർജ് നടത്തിയപ്പോൾ പ്രവർത്തകർ ചിതറിയോടി. ചിലർ റോഡിൽ വീണു. വീണവരെ പൊലീസ് ലാത്തി കൊണ്ട് അടിച്ചു.

പ്രവർത്തകരെ ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റി. പരുക്കേറ്റ പ്രവർത്തകരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിൽ പൊലീസ് പരമാവധി സംയമനം പാലിച്ചെങ്കിൽ ഇന്ന് തുടക്കത്തിൽ തന്നെ പൊലീസ് ലാത്തി ചാർജിലേക്ക് കടന്നു. കൂടുതൽ പൊലീസും സ്ഥലത്തുണ്ടായിരുന്നു. സമരം ശക്തമായി തുടരുമെന്ന് കെഎസ്‌യു പ്രവർത്തകർ പറഞ്ഞു. ജലപീരങ്കി പ്രയോഗിക്കുമ്പോൾ തന്നെ പൊലീസ് ലാത്തി വീശുകയായിരുന്നെന്ന് സ്ഥലത്തെത്തിയ എം. വിൻസെന്റ് എംഎൽഎ പറഞ്ഞു.

കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷി സേവ്യറിനെ റോഡിൽ വലിച്ചിഴച്ച ശേഷം അറസ്റ്റ് ചെയ്ത് മാറ്റി. പൊലീസ് ലാത്തി ചാർജിൽ മാത്യു കുഴൽനാടൻ എംഎൽഎക്ക് പരുക്കേറ്റു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ സ്ഥലത്തേക്ക് എത്തിച്ചേരുന്നുണ്ട്.

Related News

Related News

Leave a Comment